
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് അയവുവന്നതിന്റെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധത്തിന് ശമനമാകുന്നതിന്റെയും പശ്ചാത്തലത്തിൽ താഴേക്കിറങ്ങിയ രാജ്യാന്തര സ്വർണവില ഇപ്പോൾ നേരിടുന്നത് കനത്ത ചാഞ്ചാട്ടം. ഒരുഘട്ടത്തിൽ ഔൺസിന് ഒരുമാസത്തെ താഴ്ചയായ 3,252 ഡോളറിലേക്ക് ഇടിഞ്ഞ വില 3,280 ഡോളറിലേക്ക് കരകയറി. രാജ്യാന്തരവില നഷ്ടം വലിയതോതിൽ കുറച്ചത് കേരളത്തിലെ വിലയെയും സ്വാധീനിച്ചു.
സംസ്ഥാനത്ത് ഇന്നു വില ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,915 രൂപയും പവന് 120 രൂപ താഴ്ന്ന് 71,320 രൂപയുമായി. 30 ഡോളറിനടുത്താണ് രാജ്യാന്തരവില കരകയറിയത്. ഈ തിരിച്ചുകയറ്റം ഇല്ലായിരുന്നെങ്കിൽ ഇന്നു കേരളത്തിൽ ഗ്രാമിന് 60 രൂപയോളവും പവന് 480 രൂപയോളവും കുറയുമായിരുന്നു. അതായത്, പവൻവില 71,000 രൂപയ്ക്ക് താഴെയെത്തുമായിരുന്നു.
വിവിധ രാജ്യങ്ങളുമായി താരിഫ് ചർച്ചകൾക്ക് യുഎസ് തുടക്കമിട്ടെങ്കിലും അനിശ്ചിതത്വം പൂർണമായി വിട്ടുമാറാത്തതും ഡോളർ ദുർബലമാകുന്നതുമാണ് സ്വർണത്തിന് തിരിച്ചുകയറാനുള്ള പിടിവള്ളി. ചൈനയുമായി യുഎസ് സമവായത്തിലെത്തിയെങ്കിലും അത് ചൈനയുടെ ‘റെയർ എർത്ത്’ യുഎസിനു തടസ്സമില്ലാതെ ലഭ്യമാക്കുന്നതിന് വേണ്ടി മാത്രം. മറ്റു വിഷയങ്ങളിൽ ചർച്ച ഇനിയും നടക്കണം. കാനഡയുമായി ‘ഡിജിറ്റൽ സർവീസസ് ടാക്സ്’ വിഷയത്തിലും ചർച്ച നടക്കാനിരിക്കുന്നതേയുള്ളൂ. ഇന്ത്യയുമായുള്ള ചർച്ചയ്ക്ക് ചൂടേറിയെങ്കിലും പലവിഷയങ്ങളിലും സമവായമായിട്ടില്ല.
യുഎസിൽ ട്രംപും കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ പവലും തമ്മിലെ ഭിന്നതയും സ്വർണം കുതിച്ചുകയറാനുള്ള ഊർജമാക്കിയേക്കും. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും പലിശനിരക്ക് കുറയ്ക്കാത്ത പവലിനോട് രാജിവച്ചൊഴിയുന്നതാണ് നല്ലതെന്ന് ട്രംപ് പറഞ്ഞുകഴിഞ്ഞു.
പവലിന് പദവിയിൽ മേയ് 26 വരെ കാലാവധിയുണ്ട്. പൊതുവേ കാലാവധി തീരുന്നവേളയിലാണ് പകരക്കാരനെ യുഎസ് ഗവൺമെന്റ് പ്രഖ്യാപിക്കാറുള്ളത്. എന്നാൽ, ജെറോം പവലിന്റെ പകരക്കാരനെ ഉടനടി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ട്രംപ്.
പലിശ കുറയ്ക്കുന്നൊരാളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞുകഴിഞ്ഞു. പലിശനിരക്ക് താഴുന്നത് സ്വർണത്തിന് നേട്ടമാകും. കാരണം, പലിശ കുറയുന്നതിന് ആനുപാതികമായി യുഎസ് കടപ്പത്ര ആദായനിരക്ക്, ബാങ്ക് നിക്ഷേപ പലിശ, ഡോളറിന്റെ മൂല്യം എന്നിവയും താഴും. ഇതു സ്വർണ നിക്ഷേപങ്ങളിലേക്ക് മാറാൻ നിക്ഷേപകരെ പ്രേരിപ്പിക്കും. ഇങ്ങനെ ഡിമാൻഡ് കൂടുന്നതോടെ സ്വർണവിലയും കൂടും.
ജെറോം പവൽ യുഎസിന്റെ സാമ്പത്തിക സൂചികകൾ വിലയിരുത്തിയാണ് പലിശനയം പ്രഖ്യാപിക്കുന്നത്. എന്നാൽ, കേന്ദ്രബാങ്കിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താനുള്ള ട്രംപിന്റെ നീക്കവും പണനയനിർണയ സമിതിയെ കാഴ്ചക്കാരാക്കി പലിശ കുറയ്ക്കാൻ അദ്ദേഹം നടത്തുന്ന ‘പിൻസീറ്റ് ഡ്രൈവിങ്ങും’ യുഎസ് സാമ്പത്തികമേഖലയിൽ അനിശ്ചിതത്വത്തിന് വഴിവച്ചേക്കാം. ഇതും നേട്ടമാവുക സ്വർണത്തിനായിരിക്കും.
18 കാരറ്റും വെള്ളിയും
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവിലയിൽ ഇന്നു മാറ്റമുണ്ട്. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്നു 18 കാരറ്റ് സ്വർണ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,350 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 118 രൂപ. അതേസമയം, എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്നു 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 10 രൂപ കുറച്ച് 7,315 രൂപയാണ്. വെള്ളി വില മാറ്റമില്ലാതെ 115 രൂപയിലും നിലനിർത്തി.
കേരളത്തിലെ വില നിർണയം
രാജ്യാന്തര സ്വർണവില, ഡോളർ-രൂപ വിനിമയനിരക്ക്, സ്വർണത്തിന്റെ മുംബൈ വിപണിവില, ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന നിരക്ക് (ബാങ്ക് റേറ്റ്) എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ ഓരോ ദിവസവും രാവിലെ സ്വർണവില നിർണയം.
ഇന്നു വില നിശ്ചയിക്കുമ്പോൾ മുംബൈ വില ഗ്രാമിന് 18 രൂപയും ബാങ്ക് റേറ്റ് 20 രൂപയും കുറഞ്ഞിട്ടുണ്ട്. രൂപ ഡോളറിനെതിരെ ഒരു പൈസ ഉയർന്ന് 85.48ലാണ് വ്യാപാരം തുടങ്ങിയത്. ഇതോടെയാണ് കേരളത്തിൽ ഇന്നു നേരിയതോതിൽ വില കുറയ്ക്കാൻ വ്യാപാരികൾ തീരുമാനിച്ചത്.
ഇന്നത്തെ വാങ്ങൽവില
സ്വർണാഭരണം വാങ്ങുമ്പോൾ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് 3 മുതൽ 30% വരെയൊക്കെയാകാം. 5% പണിക്കൂലിക്കാണ് ഇന്നു ആഭരണം വാങ്ങുന്നതെങ്കിൽ ഒരു പവന്റേതിന് നൽകേണ്ട വില 77,187 രൂപ. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,648 രൂപയും.
സ്വർണത്തിൽ വൻ വീഴ്ചയുടെ ജൂൺ
ജൂൺ 14ന് കേരളത്തിൽ സ്വർണവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് വില 9,320 രൂപയും പവന് 74,560 രൂപയും. തുടർന്ന് ഇതുവരെ ഗ്രാമിന് 405 രൂപയും പവന് 3,240 രൂപയും കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 2,560 രൂപയാണ്; ഗ്രാമിന് 320 രൂപയും.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)