പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥകൾക്ക് അയവുവരുന്ന സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വൻ കുതിപ്പ്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് ഗ്രാമിന് 225 രൂപ വർധിച്ച് 13,890 രൂപയിലും, പവന് 1800 രൂപ വർധിച്ച് 1,11,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇറാനും യുഎസും തമ്മിലുള്ള സമാധാന കരാറിനായുള്ള ധാരണകളും, ജൂൺ 19-ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് കരാർ ഒപ്പിടാനുള്ള തീരുമാനവുമാണ് സ്വർണവിപണിയിൽ പ്രതിഫലിച്ചത്.
ഈ വാർത്തകൾക്കു പിന്നാലെ ക്രൂഡോയിൽ വിലയിൽ ഇടിവുണ്ടാവുകയും യുഎസ് ഡോളറും ബോണ്ട് യീൽഡും തളരുകയും ചെയ്തു. ഇത് സ്വർണത്തിന് അനുകൂലമായ സാഹചര്യമൊരുക്കി.
കഴിഞ്ഞയാഴ്ച ഔൺസിന് 4025 ഡോളറിലേക്ക് താഴ്ന്ന രാജ്യാന്തര സ്വർണവില, ഇന്ന് 4334 ഡോളർ വരെ ഉയരുകയും നിലവിൽ 50 ഡോളർ നേട്ടത്തോടെ 4326 ഡോളറിൽ വ്യാപാരം തുടരുകയും ചെയ്യുന്നു. പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നതോടെ ഹോർമുസ് കടലിടുക്കിലെ ഗതാഗതം സുഗമമാകുമെന്നും ക്രൂഡോയിൽ വില കുറയുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഇത് പണപ്പെരുപ്പ ആശങ്കകൾ അകറ്റുകയും സ്വർണത്തിനും ഓഹരി വിപണികൾക്കും ഉണർവേകുകയും ചെയ്യും. പ്രമുഖ അമേരിക്കൻ ധനകാര്യ സ്ഥാപനമായ ജെപി മോർഗൻ പുറത്തുവിട്ട
റിപ്പോർട്ടുകൾ പ്രകാരം, ഈ ട്രെൻഡ് തുടരുകയാണെങ്കിൽ 2026 അവസാനത്തോടെ സ്വർണവില ഔൺസിന് 6000 ഡോളറിലേക്കും, 2027-ൽ 6300 ഡോളറിലേക്കും ഉയരാൻ സാധ്യതയുണ്ട്. കേന്ദ്രബാങ്കുകൾ സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുന്നതും വിലവർധനവിന് ആക്കം കൂട്ടുന്നു.
രാജ്യാന്തര വിപണിയിൽ ഔൺസിന് ഒരു ഡോളർ ഉയരുമ്പോൾ കേരളത്തിൽ ഗ്രാമിന് 2 മുതൽ 2.50 രൂപ വരെ വർധിക്കാൻ സാധ്യതയുണ്ട്. നിലവിലെ പ്രവണത തുടർന്നാൽ സ്വർണവില 1.40 ലക്ഷം രൂപ കടക്കുമെന്ന് കണക്കുകൂട്ടുന്നു.
ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവന്റെ നിലവിലെ റെക്കോർഡ് നിരക്ക്. കേരളത്തിലെ വിവിധ സ്വർണ വ്യാപാര സംഘടനകളുടെ കണക്കുപ്രകാരം വിലനിലവാരം താഴെ പറയുന്നതാണ്:
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA):
– 18 കാരറ്റ് സ്വർണം: ഗ്രാമിന് 11,475 രൂപ (185 രൂപയുടെ വർധന).
– വെള്ളി: ഗ്രാമിന് 265 രൂപ (5 രൂപയുടെ വർധന).
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA):
– 18 കാരറ്റ് സ്വർണം: ഗ്രാമിന് 11,415 രൂപ (185 രൂപയുടെ വർധന).
– 14 കാരറ്റ് സ്വർണം: ഗ്രാമിന് 8890 രൂപ (145 രൂപയുടെ വർധന).
– 9 കാരറ്റ് സ്വർണം: ഗ്രാമിന് 5730 രൂപ (90 രൂപയുടെ വർധന).
– വെള്ളി: ഗ്രാമിന് 265 രൂപ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

