രാജാക്കാട്: ഡിസ്ട്രിക്റ്റ് ടൂറിസം പ്രൊമോഷൻ കൗൺസിലിന് (ഡിടിപിസി) കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അനധികൃത നിയമനങ്ങളും ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നതായി വ്യാപക പരാതി. ഭരണമാറ്റത്തിന് തൊട്ടുപിന്നാലെ ഡിടിപിസി നേതൃത്വത്തിൽ അഴിച്ചുപണി ഉണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ, മതിയായ കരാറുകളില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് അഴിമതി ലക്ഷ്യമിട്ടാണെന്ന് ഉദ്യോഗസ്ഥർ തന്നെ ആരോപിക്കുന്നു.
നിലവിൽ ഡിടിപിസിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയോ ഗവേണിങ് ബോഡിയോ ഇല്ലാത്ത സാഹചര്യം മുതലെടുത്ത് അഴിമതിക്ക് വഴിയൊരുക്കുന്നുവെന്നാണ് ആക്ഷേപം. മുൻ സർക്കാർ നിയമിച്ച ഉദ്യോഗസ്ഥരാണ് നിലവിൽ നേതൃത്വത്തിലുള്ളത്.
ഇവരെ മാറ്റാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞു. സ്ഥാനമൊഴിയും മുമ്പ് വിവിധ കേന്ദ്രങ്ങളിൽ അമിതമായി ആളുകളെ നിയമിക്കാനുള്ള നീക്കം ലാഭത്തിൽ പ്രവർത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങളെയും നഷ്ടത്തിലാക്കുമെന്ന് സർക്കാർ അനുകൂല ടൂറിസം ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ടൂറിസം വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ് ടൂറിസം സെന്ററിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ മുൻ മാനേജർ മധുസൂദനൻ ചൂഴിക്കര ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ പരാതിയിൽ ഗുരുതര അഴിമതിയാരോപണമാണുള്ളത്.
നിലവിലുള്ള കവാടത്തിന് സമീപം പുതിയൊരു കമാനവും ഗേറ്റും നിർമ്മിക്കാനുള്ള നീക്കം അനാവശ്യവും അഴിമതി ലക്ഷ്യമിട്ടുള്ളതുമാണെന്നാണ് പരാതി. പുതിയ നിർമ്മാണം പഴയ കവാടത്തിന്റെ ദൃശ്യഭംഗി പൂർണ്ണമായും മറയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇതിനുപുറമെ, മുൻ സർക്കാരിന്റെ കാലത്ത് ഹൈഡൽ ടൂറിസം വിഭാഗത്തിന് കീഴിലുള്ള ചില കേന്ദ്രങ്ങൾ ചട്ടം ലംഘിച്ച് പല സംഘടനകൾക്കും സ്ഥാപനങ്ങൾക്കും കൈമാറിയതായി വൈദ്യുതി മന്ത്രിക്കും പരാതി ലഭിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങൾക്കും ചില ചാരിറ്റി സംഘടനകൾക്കുമാണ് നൽകിയിരിക്കുന്നത്.
ഡാം സുരക്ഷാ വിഭാഗത്തിന്റെ അനുമതിയില്ലാതെ ഇത്തരം കേന്ദ്രങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്നും കോൺഗ്രസ് നേതാക്കൾ മന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തുന്ന കാര്യത്തിൽ സർക്കാരിന് അനുകൂല നിലപാടാണുള്ളതെന്നാണ് വിവരം.
അധികാരത്തിൽ വന്നാൽ ഹൈഡൽ ടൂറിസം കേന്ദ്രങ്ങളുടെ നടത്തിപ്പ് വകുപ്പ് നേരിട്ട് ഏറ്റെടുക്കുമെന്ന് യുഡിഎഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

