
കൊച്ചി∙ലുലു ഗ്രൂപ്പിന്റെ സ്വപ്ന പദ്ധതിയായ ലുലു ഐടി ട്വിൻ ടവർ കൊച്ചി സ്മാർട്ട് സിറ്റിയിൽ ഉദ്ഘാടനം ചെയ്യവേ 500 കോടി രൂപ മുതൽമുടക്കിൽ അടുത്ത പദ്ധതിയും ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചു. കേരള സർക്കാർ പദ്ധതിയ്ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നറിയിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെ എല്ലാ കാര്യങ്ങളിലും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികളെല്ലാം വേഗത്തിലാക്കുമെന്ന് ഐടി ട്വിൻ ടവറിന്റെ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ലുലു ഗ്രൂപ്പിന്റെ ഈ പുതിയ പ്രോജക്ട് ഇൻഫോപാർക്കിൽ ഫേസ് 2 ലാണ് 500 കോടി രൂപ മുതൽ മുടക്കിൽ നിർമിക്കുകയെന്ന് ലുലുഗ്രൂപ്പ് പ്രഖ്യാപിച്ചു. ഐടി കുതിപ്പിന് കരുത്ത് പകർന്ന് 7000 തൊഴിലവസരങ്ങൾ പുതിയ പദ്ധതിയൊരുക്കുമെന്ന് കരുതുന്നു. കൊച്ചിയുടെ ഐടി മുഖച്ഛായ മാറ്റാനും വികസനത്തിനും ആഗോള വമ്പന്‍ കമ്പനികളെ ആകർഷിക്കാനും പുതിയ പദ്ധതി ഇനിയും വഴിയൊരുക്കുമെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. അധികം വൈകാതെ ഈ പദ്ധതിയുടെ നിര്‍മാണപ്രവർത്തനങ്ങൾ തുടങ്ങും.
ഇന്ന് ഉദ്ഘാടനം ചെയ്ത ‘ലുലു ഐടി ട്വിൻ ടവർ’ സ്മാർട്സിറ്റിയിൽ ആഗോള നിലവാരത്തിലാണ് നിർമിച്ചിട്ടുള്ളത്.
35 ലക്ഷം ചതുരശ്ര അടിയിൽ ഏത് പഞ്ചനക്ഷത്ര ഹോട്ടലുകളോടും കിടപിടിക്കുന്ന സൗകര്യത്തിലാണ് ലുലുവിന്റെ ഇരട്ട ഐടി ടവറുകൾ ഉയർന്നിരിക്കുന്നത്. 25 ലക്ഷം ചതുരശ്ര അടി ഏരിയയിലാണ് വിവിധ ഐടി, ഐടി അനുബന്ധ നിക്ഷേപകർ തങ്ങളുടെ സംരംഭങ്ങൾ ആരംഭിക്കുക. 4500 കാറുകള്‍ക്കുള്ള പാർക്കിങ്ങും വിശാലമായ ഫുഡ്കോർട്ടും അടക്കം ഒട്ടേറെ അനുബന്ധ സൗകര്യങ്ങളും ഇതിനോടൊപ്പം ഒരുങ്ങിയിട്ടുണ്ട്. തുടക്കത്തില്‍ 2500 പേർക്കും, കമ്പനികൾ എത്തുന്നതോടെ 30,000 പേർക്കും തൊഴിൽ ലഭിക്കുന്ന വിധത്തിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
ഐടി, ഐടി അനുബന്ധ മേഖലയിൽ കൊച്ചിയുടെ സാധ്യതകൾ നാൾക്കുനാൾ വർധിച്ചുവരുന്നതിന്റെ ലക്ഷണം കൂടിയാണ് പുതിയ ടവറിന്റെ ഉല്‍ഘാടനം. ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആഗോള കമ്പനികൾ അടക്കം വരികയും നിക്ഷേപ അന്തരീക്ഷം മാറുകയും ചെയ്താൽ സ്മാർട്സിറ്റിയിൽ ഇനിയും പുതിയ പദ്ധതികൾ വന്നേക്കും എന്ന പ്രതീക്ഷയുമുണ്ട്. ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആധ്യക്ഷം വഹിച്ചു. വ്യവസായ മന്ത്രി പി രാജീവ്, ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ബിജപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, ഹൈവി ഈഡൻ എം പി, ഉമ തോമസ് എംഎൽഎ, തൃക്കാക്കര മുൻസിപ്പാലിറ്റി ചെയർ പേഴ്സൺ രാധാമണി പിള്ള, ഇടച്ചിറ കൗൺസിലർ അബ്ദു ഷാന തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
English Summary:
Lulu Group is investing ₹500 crore in a new project in Kochi’s Infopark, expected to generate 7000 jobs. The Kerala government is fully supportive, accelerating development in the state’s IT sector. This follows the recent inauguration of the impressive Lulu IT Twin Towers
mo-politics-leaders-pinarayivijayan mo-educationncareer-itkerala 14oc47odvep709b817035j4brg 7q27nanmp7mo3bduka3suu4a45-list mo-technology-infopark mo-business-mayusuffali 1uemq3i66k2uvc4appn4gpuaa8-list mo-business-lulu-group