കാവിക്കൊടി മാറി താമരയായി; ആർഎസ്എസ് ചിത്രം ഉദ്യോഗസ്ഥർക്ക് എങ്ങനെ മനസ്സിലാകും?: ‘ഭാരതാംബ’യിൽ പൊതുനിർദേശം വേണം
തിരുവനന്തപുരം ∙ രാജ്ഭവനില്‍ ജൂണ്‍ 5 ന് നടക്കേണ്ടിയിരുന്ന പരിസ്ഥിതി ദിനാചരണം സര്‍ക്കാര്‍ ഒഴിവാക്കിയത് ‘താമര’യില്‍ തട്ടി. ആര്‍എസ്എസ് ഉപയോഗിക്കുന്ന തരത്തിലുള്ള കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പരിപാടിയിൽ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കൃഷിമന്ത്രിയുടെ ഓഫിസ് ജൂണ്‍ 4ന് അറിയിച്ചതോടെ ഭൂപടവും കാവിക്കൊടിയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ ത്രിവര്‍ണ പതാക പിടിച്ചു നില്ക്കുന്ന ഭാരതാംബയുടെ ചിത്രം രാത്രി 9 മണിയോടെ കൃഷിവകുപ്പിന് രാജ്ഭവന് കൈമാറിയിരുന്നു.
Also Read
ത്രിവര്‍ണ നിറത്തിലുള്ള ഭൂപടമാണ് പുതിയ ചിത്രത്തില്‍ ഉണ്ടായിരുന്നത്. ആദ്യ ചിത്രത്തില്‍നിന്ന് ഇതിനുള്ള ഏക വ്യത്യാസം ഭാരതാംബ താമരയില്‍ നില്ക്കുന്നു എന്നതായിരുന്നു.
ആദ്യ ചിത്രത്തില്‍ ഇല്ലാതിരുന്ന താമര പുതിയ ചിത്രത്തില്‍ ഇടംപിടിച്ചതും കൃഷിമന്ത്രിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ബിജെപിയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പു ചിഹ്നമായ താമര കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയുടെ ഭാഗത്തു വരുന്ന രീതിയിലാണ് ചിത്രത്തിലുള്ളത്.
ഇതോടെ പരിപാടി ഒഴിവാക്കുകയാണെന്ന് അഞ്ചിനു രാവിലെ മന്ത്രി രാജ്ഭവനെ അറിയിക്കുകയായിരുന്നു. സര്‍ക്കാര്‍ പരിപാടി രാജ്ഭവനില്‍ത്തന്നെ നടത്താന്‍ പരമാവധി വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നുവെന്നും എന്നാല്‍ സര്‍ക്കാരിൽനിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും രാജ്ഭവന് വൃത്തങ്ങള്‍ പറയുന്നു.
ഭാരതാംബ ചിത്രം വിവാദമായതോടെ സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച് വിവിധ വകുപ്പുകളും ആശങ്കയിലാണ്. ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രമാണെന്ന് കൃഷിമന്ത്രി തിരച്ചറിഞ്ഞതു പോലെ ഉദ്യോഗസ്ഥര്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും പൊതുവായ നിര്‍ദേശം ഇക്കാര്യത്തില്‍ വേണമെന്നുമാണ് വകുപ്പു മേധാവിമാരുടെ ആവശ്യം.
കൃഷി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോക് ഇക്കാര്യം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് പൊതുഭരണവകുപ്പും നിയമവകുപ്പും പൊതുനിര്‍ദേശം തയാറാക്കാനുള്ള ഒരുക്കത്തിലാണ്. ഭാരതാംബ എന്നത് ഭരണഘടനാപരമായ അടയാളമായി കണക്കാക്കാനാകില്ലെന്നാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

