വയോധികനെ മേൽപാലത്തിന് കീഴിൽ ഉപേക്ഷിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ തൃശൂർ സ്വദേശിയായ അറുപത്തിയഞ്ചുകാരനെ എറണാകുളം നോർത്ത് മേൽപാലത്തിന് കീഴിൽ ഉപേക്ഷിച്ച സംഭവം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. തൃശ്ശൂർ സ്വദേശി ഷംസുദ്ദീനെയാണ് ജൂൺ 13ന് അവശനിലയിൽ കണ്ടെത്തിയത്.
ഉപേക്ഷിക്കപ്പെട്ടയാളുടെ വിലാസം, മുതിർന്ന പൗരൻമാരുടെ സംരക്ഷണ നിയമത്തിന്റെ ലംഘനം സംഭവിച്ചിട്ടുണ്ടോ, സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ കൃത്യമായി അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
സാമൂഹികനീതിവകുപ്പ് ജില്ലാ ഓഫീസർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണം. വയോധികന് ലഭ്യമാക്കിയ ചികിത്സ, പുനരധിവാസം ഉറപ്പാക്കിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ച് 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. മുതിർന്ന പൗരൻമാരുടെ സംരക്ഷണ നിയമപ്രകാരം ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട വയോധികനുമായി ബന്ധപ്പെട്ട് ആർഡിഒക്ക് മുന്നിൽ കേസുകൾ നിലവിലുണ്ടോ എന്നും പരിശോധിക്കണം.
അസിസ്റ്റന്റ് കമ്മീഷണറും ജില്ലാ സാമൂഹികനീതി ഓഫീസറും ജൂലൈ 15 ന് രാവിലെ 10 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.