
നിലമ്പൂരിന്റെ വികസന പ്രതീക്ഷകൾ പങ്കിട്ട് എൽഡിവൈഎഫിന്റെ പ്രഫഷനൽ മീറ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ∙ എൽഡിവൈഎഫിന്റെ നേതൃത്വത്തിൽ നിലമ്പൂർ വ്യാപാര ഭവനിൽ ‘വികസനത്തിന് സംവാദം –പ്രഫഷനൽ മീറ്റ്’ യുവജനകൂട്ടായ്മ സംഘടിപ്പിച്ചു. നവകേരള സൃഷ്ടിക്കായുള്ള മുന്നേറ്റത്തിൽ നിലമ്പൂരിനെ അടയാളപ്പെടുത്താൻ ഫലപ്രദമായ വികസന കാഴ്ചപ്പാടുകൾ ഏങ്ങനെയാകണമെന്ന് കൂട്ടായ്മയിൽ പങ്കെടുത്ത എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് വിശദീകരിച്ചു.
വികസനത്തിലൂടെ നാട്ടിലെ സാധാരണക്കാരുടെ ജീവിതത്തില്‍ എന്ത് മാറ്റമുണ്ടാകുന്നുവെന്നാണ് ആലോചിക്കേണ്ടതെന്ന് സ്വരാജ് പറഞ്ഞു. പരിസ്ഥിതി സൗഹൃദ വികസനം നടപ്പാക്കണം. നിരവധി സാധ്യതകള്‍ ഇവിടെയുണ്ട്. തേക്കിന്റെ നാടായ നിലമ്പൂരില്‍ മരവ്യവസായത്തിന് അനുകൂലമായ സാധ്യത ഉപയോഗപ്പെടുത്തണം. മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി ഫാം ടൂറിസം പ്രോത്സാഹിപ്പിക്കണം. നിലമ്പൂരിന്റെ അനന്തമായ ടൂറിസം സാധ്യതള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും. വനം വകുപ്പുമായി സഹകരിച്ച് വനയാത്രയ്ക്ക് അവസരമൊരുക്കും. ഉന്നതവിദ്യാഭ്യാസം നേടിയവര്‍ക്ക് അഭിരുചിക്കനുസരിച്ച് തൊഴില്‍ ലഭിക്കുന്നതിന് നൈപുണിവികസന കേന്ദ്രം സ്ഥാപിക്കണം. പുതിയ തലമുറയുടെ ആശയങ്ങള്‍ പരിഗണിച്ച് മുന്നോട്ടുപോകാനുള്ള പശ്ചാത്തല സൗകര്യമൊരുക്കും. ജില്ലാ ആശുപത്രി ശക്തിപ്പെടുത്തും. കര്‍ഷക കൂട്ടായ്മകള്‍ക്ക് രൂപംനല്കി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തും. – സ്വരാജ് പറഞ്ഞു.
വിവിധ പ്രഫഷനൽ മേഖലകളിലുള്ളവര്‍ എം.സ്വരാജുമായി സംവദിച്ചു. നിലമ്പൂരിന്റെ വരുംനാളുകള്‍ എങ്ങനെയാകണമെന്ന അഭിപ്രായവും നിര്‍ദേശവും ഇവർ കൂട്ടായ്മയിൽ പങ്കുവച്ചു. പി.എം.ശില്പ അധ്യക്ഷയായി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, മന്ത്രി കെ. രാജന് എന്നിവര്‍ സംസാരിച്ചു. വി പ്രജോഷ് സ്വാഗതവും ഡോ. സി.എ.മുഹമ്മദ് ഫായിസ് നന്ദിയും പറഞ്ഞു. വി.ശിവദാസന്‍ എംപി ,ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, പ്രസിഡന്റ് വി.വസീഫ്, ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ്, പ്രസിഡന്റ് പി ഷബീര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.