
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിജയിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോട്ട്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയ് സിനിമാ അഭിനയം നിർത്തുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം ആദ്യം റിലീസായ ചിത്രമാണ് ഗോട്ട്. ഇനി രണ്ട് സിനിമകൾ കൂടി പൂർത്തിയാക്കിയാൽ വിജയ് പൂർണമായും രാഷ്ട്രീയ പ്രവർത്തനത്തിനായി സമയം മാറ്റി വയ്ക്കും.
സെപ്തംബർ 5 നാണ് ഗോട്ട് തിയേറ്ററുകളിലെത്തിയത്. ആദ്യദിനം തന്നെ ഇന്ത്യയിൽ നിന്ന് മാത്രമായി 60 കോടിയോളം വരുമാനം നേടി. വെള്ളിയാഴ്ചയിൽ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ അവധിദിനമായ ശനിയാഴ്ച വീണ്ടും വരുമാനമുയർന്നു. വളരെ പെട്ടന്നാണ് ഗോട്ട് 100 കോടി ക്ലബിൽ പ്രവേശിച്ചത്. ഇന്ത്യയിൽ നിന്ന് മാത്രമായി 200 കോടി വരുമാനത്തിലേക്ക് കടക്കുകയാണ്.
മൂന്ന് മണിക്കൂറാണ് സിനിമയുടെ ദെെർഘ്യം. തിയേറ്ററിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യത്തിന് ഒട്ടേറെ ഭാഗങ്ങൾ നീക്കം ചെയ്താണ് നീളം കുറച്ചത്. എന്നാൽ ഗോട്ട് ഒടിടിയിൽ എത്തുമ്പോൾ അൺകട്ട് പതിപ്പ് പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. അൺകട്ട് പതിപ്പിന് മൂന്ന് മണിക്കൂർ 40 മിനിറ്റ് ദെെർഘ്യ മുണ്ടെന്നാണ് തമിഴ് സിനിമാവൃത്തങ്ങൾ പറയുന്നത്.
അതേ സമയം സിനിമയുടെ രണ്ടാംഭാഗത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ടാം ഭാഗത്തിനുള്ള സാധ്യതകൾ തുറന്നിട്ടാണ് ആദ്യഭാഗം അവസാനിപ്പിച്ചത്. ഗോട്ട് വേഴ്സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര്. രണ്ടാം ഭാഗത്തിൽ വിജയിന് പകരം അജിത് നായകനാകുമെന്നും റിപ്പോർട്ടുകളുണ്ട്.
ആക്ഷൻ മൂഡിൽ ഒരുങ്ങിയ ഈ ചിത്രം എജിഎസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
മീനാക്ഷി ചൗധരി നായിക വേഷം ചെയ്യുന്ന ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]