ഗുജറാത്തിലെ തെക്കൻ ജില്ലകളിൽ പെയ്ത അതിശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടം. വൽസദ് ജില്ലയിലെ ഒരു ബഹുനില കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ വെള്ളം കയറി അൻപതോളം കാറുകൾ മുങ്ങിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
കെട്ടിടത്തിന് പുറത്തുള്ള പരിസര പ്രദേശങ്ങളും പൂർണമായി വെള്ളത്തിനടിയിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴ ഏറ്റവും കൂടുതൽ ബാധിച്ചത് വൽസദിനെയാണ്.
വൽസദിലെ ഉംബർഗാവ് താലൂക്കിൽ വ്യാഴാഴ്ച രാവിലെ വരെയുള്ള 16 മണിക്കൂറിനുള്ളിൽ 1100 മില്ലീമീറ്റർ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. ഉംബർഗാവിന് പുറമെ വൽസദിലെ മറ്റ് പല താലൂക്കുകളിലും ഈ സമയപരിധിക്കുള്ളിൽ 600 മില്ലീമീറ്ററിലധികം മഴ ലഭിച്ചു.
സ്ഥിതിഗതികൾ രൂക്ഷമായതോടെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്.
മഴ ശക്തമായതോടെ പ്രദേശത്തെ ഔരംഗ, പാർ, ദമൻ ഗംഗ എന്നീ നദികൾ കരകവിഞ്ഞൊഴുകുകയും വൽസദിൽ വലിയ രീതിയിലുള്ള വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തു. സൂറത്ത് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് രണ്ടായിരത്തിലേറെ ആളുകളെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
തെക്കൻ ഗുജറാത്തിലെ വൽസാദ്, നവ്സാരി, ഡാങ്സ്, സൂറത്ത്, താപി എന്നീ ജില്ലകളിൽ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ജാഗ്രത പാലിക്കാൻ പ്രാദേശിക ഭരണകൂടവും ദുരന്തനിവാരണ സേനയും നിർദേശം നൽകിയിട്ടുണ്ട്.
പ്രളയബാധിത ജില്ലകളിൽ രക്ഷാപ്രവർത്തനവും ആശ്വാസ നടപടികളും വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മന്ത്രിമാരെ ചുമതലപ്പെടുത്തി. ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി മന്ത്രിമാർ പ്രളയബാധിത പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

