കഴിഞ്ഞ മേയിലാണ് രാജ്യത്തെ ജനങ്ങളോട് ‘അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കൂ’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. ഇതിന് പിന്നാലെയരായി സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്നും 15 ശതമാനമായി കേന്ദ്രസർക്കാർ വർധിപ്പിക്കുകയും ചെയ്തിരുന്നു.
ലോകതലത്തിൽത്തന്നെ സ്വർണത്തിന്റെ ഉപഭോഗത്തിലും ഇറക്കുമതിയിലും മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഇറക്കുമതിക്കായി വലിയ തോതിൽ വിദേശനാണ്യം ആവശ്യമുള്ളതിനാൽ, സ്വർണായാതുമതി വർധിക്കുന്നത് രാജ്യത്തിന്റെ വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും ഉയരാൻ കാരണമാകുന്നുണ്ട്.
വിദേശ കറൻസികളുടെ ലഭ്യതക്കുറവും മൂല്യവർധനവും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയ്ക്കും വഴിവെച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ഈ നടപടികളിലേക്ക് കടന്നത്. എന്നാൽ ഇപ്പോൾ മ്യൂച്വൽഫണ്ടുകളിലെ സ്വർണ നിക്ഷേപങ്ങൾക്കും നിയന്ത്രണങ്ങൾ വരികയാണ്.
അതും രാജ്യത്ത് ഏറ്റവുമധികം നിക്ഷേപങ്ങൾ എത്തുമെന്ന് കരുതപ്പെടുന്ന ദീപാവലി-ദസ്സറ ആഘോഷങ്ങൾക്ക് തൊട്ടുമുമ്പുള്ള ഘട്ടത്തിലാണ് ഈ നീക്കം. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള (ഗോൾഡ് ഇടിഎഫ്) ഒറ്റത്തവണയായുള്ള (ലംപ്സം) നിക്ഷേപങ്ങൾ പരിമിതപ്പെടുത്താൻ ചില പ്രമുഖ മ്യൂച്വൽഫണ്ട് സ്ഥാപനങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ നിർദേശപ്രകാരമാണ് ഇതെന്നാണ് സൂചനയെങ്കിലും, ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളോ പ്രഖ്യാപനങ്ങളോ പുറത്തുവന്നിട്ടില്ല. എങ്കിലും, ഉത്സവ സീസണിന് മുന്നോടിയായി വരുന്ന ഒക്ടോബർ മാസത്തിൽ സ്വർണ ഇറക്കുമതി ഉയരുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
കേന്ദ്രസർക്കാരോ സെബിയോ മ്യൂച്വൽഫണ്ട് കമ്പനികളോ ഈ നിയന്ത്രണങ്ങളുടെ യഥാർത്ഥ കാരണം ഔദ്യോഗികമായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം, സിപ് (SIP) വഴിയുള്ള നിക്ഷേപങ്ങൾക്കും റീട്ടെയ്ൽ ഗോൾഡ് ഇടിഎഫ് നിക്ഷേപങ്ങൾക്കും തടസ്സങ്ങൾ ഉണ്ടാകില്ലെന്നാണ് വിവരം.
ദസ്സറ, ദീപാവലി, ധൻതേരസ് തുടങ്ങിയ ഉത്സവ വേളകളിൽ വൻതോതിലാണ് സ്വർണത്തിലേക്കും വിവിധ നിക്ഷേപ പദ്ധതികളിലേക്കും ആളുകൾ പണം നിക്ഷേപിക്കുന്നത്. നിലവിലുള്ള നിക്ഷേപങ്ങൾ വർധിപ്പിക്കാനും പുതിയവ ആരംഭിക്കാനും നിരവധിപേർ തെരഞ്ഞെടുക്കുന്ന പ്രധാന സമയമാണിത്.
നിലവിൽ ആഗോള തലത്തിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഓഹരി, കടപ്പത്രം, കറൻസി വിപണികൾ വലിയ ചാഞ്ചാട്ടമാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപ മാർഗ്ഗമായി ഗോൾഡ് ഇടിഎഫ്, സിൽവർ ഇടിഎഫ് എന്നിവയെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടുതലാണ്.
കൂടാതെ ഉത്തരേന്ത്യയിൽ വിവാഹ സീസൺ ആരംഭിക്കുന്നതും സ്വർണത്തിനുള്ള ഡിമാൻഡ് വർധിപ്പിക്കുന്നു. ഇത്തരം ഘട്ടങ്ങൾ ഇറക്കുമതി കുത്തനെ ഉയരാൻ കാരണമാകാറുണ്ട്.
ഈ സാഹചര്യത്തെ പ്രതിരോധിക്കാനാണ് പുതിയ നിയന്ത്രണങ്ങൾ. ഗോൾഡ് ഇടിഎഫ് ഡിജിറ്റൽ നിക്ഷേപമാണെങ്കിലും, അതിന് തുല്യമായ ഭൗതിക സ്വർണം ഫണ്ട് കൈകാര്യം ചെയ്യുന്നവർ കരുതലായി സൂക്ഷിക്കാറുണ്ട്.
അതിനാൽ നിക്ഷേപം വർധിക്കുമ്പോൾ ഫണ്ടുകൾ വാങ്ങുന്ന സ്വർണത്തിന്റെ അളവും ഉയരും. ഈ പ്രവണത നിയന്ത്രിക്കുക കൂടിയാണ് ലക്ഷ്യം.
ഇന്ത്യയുടെ സ്വർണ ഇറക്കുമതി കഴിഞ്ഞ മാസം 81.27% ഇടിഞ്ഞതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൂടാതെ വെള്ളി ഇറക്കുമതിയും 49.11 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇറക്കുമതി തീരുവയിലെ വർധനയും പ്രധാനമന്ത്രിയുടെ ആഹ്വാനവുമാണ് ഈ മാറ്റങ്ങൾക്ക് പ്രധാന കാരണമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

