സംസ്ഥാനത്ത് പുതിയൊരു ശാസ്ത്രീയ കണ്ടെത്തൽ കൂടി. പാലക്കാട് വാളയാറിലെ തേക്ക് മരങ്ങൾ കൂടുതലുള്ള മേഖലയിൽ നിന്നാണ് പുതിയ ഇനം ആന്റ്ലയണെ അഥവാ കുഴിയാന വലച്ചിറകനെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
‘ക്യൂറ്റ ടെക്ടോണ’ എന്നാണു ഈ പുതിയ ഇനത്തിനു ഗവേഷകർ പേരു നൽകിയിട്ടുള്ളത്. തേക്കിന്റെ ശാസ്ത്രീയ നാമമായ ടെക്ടോണ ഗ്രാൻഡിസിൽ നിന്നാണ് ഈ പേര് രൂപപ്പെട്ടിരിക്കുന്നത്.
ഈ നിർണായക കണ്ടെത്തൽ രാജ്യാന്തര ശാസ്ത്ര മാഗസിനായ ‘സൂടാക്സ’യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃശ്ശൂർ സെന്റ് അലോഷ്യസ് കോളജിലെ സുവോളജി വിഭാഗം അസി.
പ്രഫ. ഡോ.
ടി.ബി.സൂര്യനാരായണൻ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അസി.പ്രഫ.
ഡോ. സി.ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ഡോ.
ലെവിൻഡി എബ്രഹാം എന്നിവർ ഉൾപ്പെട്ട സംഘമാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്.
ഇതോടെ കേരളത്തിൽ ഇതുവരെ കണ്ടെത്തിയ കുഴിയാന വലച്ചിറകന്മാരുടെ ആകെ എണ്ണം 14 ആയി ഉയർന്നു. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ മേഖലയുമായി ബന്ധപ്പെട്ട് ഏറെ ശ്രദ്ധേയമായ ഒരു നേട്ടമാണിത്.
മിർമെലിയോണ്ടിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവ ന്യൂറോപ്റ്ററ ഓർഡറിലാണ് വർഗീകരിച്ചിരിക്കുന്നത്. ഈ പുതിയ ഇനത്തിന്റെ കണ്ടെത്തലിനൊപ്പം മറ്റൊരു അപൂർവ നേട്ടവും ഗവേഷക സംഘം കൈവരിച്ചു.
‘ക്യൂറ്റ പങ്റ്റാറ്റ’ എന്ന അപൂർവയിനം കുഴിയാന വലച്ചിറകനെ മലപ്പുറം ജില്ലയിലെ വാഴയൂരിൽ നിന്ന് കേരളത്തിൽ ആദ്യമായി കണ്ടെത്തി. ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് നേരത്തേ രേഖപ്പെടുത്തിയിട്ടുള്ള ഈ ഇനത്തെ ദക്ഷിണേന്ത്യയിൽ ആദ്യമായാണ് കണ്ടെത്തുന്നത്.
കാഴ്ചയിൽ സൂചിത്തുമ്പികളുമായി സാമ്യമുണ്ടെങ്കിലും ജീവശാസ്ത്രപരമായി കുഴിയാന വലച്ചിറകന്മാർ അവയിൽ നിന്ന് തികച്ചും വ്യത്യസ്തരാണ്. പശ്ചിമഘട്ടത്തിലെ വനമേഖലകളിൽ ഇനിയും കണ്ടെത്തപ്പെടാത്ത നിരവധി ജീവജാലങ്ങൾ ഉണ്ടെന്നതിന്റെ ശക്തമായ തെളിവുകൂടിയാണ് ഈ പുതിയ പഠനം നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

