രാത്രിയായാൽ വീടിനകത്തും പുറത്തും അരിച്ചെള്ളുകൾ നിറയുന്നതോടെ സ്വൈര്യജീവിതം തടസ്സപ്പെട്ട് ഒരു പ്രദേശം. സമീപത്തെ സ്വകാര്യ അരി ഗോഡൗണിൽ നിന്നുള്ള ചെള്ളുകളുടെ ശല്യം കാരണം ഭക്ഷണം കഴിക്കാനോ സമാധാനമായി ഉറങ്ങാനോ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
വൈകുന്നേരം ലൈറ്റുകൾ തെളിയിക്കുന്നതോടെയാണ് ചെള്ളുകൾ കൂട്ടത്തോടെ വീടുകളിലേക്ക് എത്തുന്നത്. വീടിന്റെ ഭിത്തികളിൽ കറുത്ത പുള്ളിക്കുത്തുകൾ പോലെ ഇവ നിറയുകയാണ്.
ഭക്ഷണസാധനങ്ങളിലും കുടിവെള്ളത്തിലും ഇവ വീണ് മലിനമാകുന്നതിനൊപ്പം കൊച്ചുകുട്ടികളുടെ ദേഹത്ത് ഇവ പടരുന്നത് വലിയ ആശങ്കയ്ക്കും ഇടയാക്കുന്നുണ്ട്. നേരം പുലരുന്നത് വരെ ഈ ദുരിതം തുടരുകയാണ്.
അരി ഗോഡൗണിലെ പഴകിയ ചാക്കുകളിൽ നിന്നാണ് ഇവ വ്യാപിക്കുന്നത്. ഗോഡൗൺ വളപ്പിലുണ്ടായിരുന്ന മരങ്ങൾ വെട്ടിമാറ്റിയതോടെയാണ് ഇവ സമീപത്തെ വീടുകളിലേക്ക് കൂട്ടത്തോടെ എത്താൻ തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.
നിലവിൽ ഗോഡൗണിനുള്ളിൽ പോലും കയറാൻ കഴിയാത്ത വിധം ചെള്ളുകൾ നിറഞ്ഞിരിക്കുകയാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് ഇടപെടുകയും മരുന്ന് തളിച്ച് ചെള്ളുകളെ നശിപ്പിക്കാമെന്ന് ഗോഡൗൺ അധികൃതർ അറിയിക്കുകയും ചെയ്തു.
എന്നാൽ, മരുന്ന് തളിക്കുന്നത് പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന ഭീതിയിലാണ് ജനങ്ങൾ. ചെള്ള് ശല്യത്തിന് ശാശ്വതമായ ഒരു പരിഹാരം അടിയന്തരമായി കണ്ടെത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

