സംസ്ഥാനത്ത് ഇന്ന് ശ്രീകൃഷ്ണജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. കേരളത്തിലുടനീളം നടക്കുന്ന ശോഭായാത്രകളില്‍ പീലിത്തിരുമുടിയും ഓടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണന്മാരും കുഞ്ഞു രാധമാരും അണിനിരക്കും.
സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം ഉണര്‍ത്തുന്നതാണ് ഓരോ ശ്രീകൃഷ്ണജയന്തിയും. ഭക്തജനങ്ങളുടെ മനസ്സില്‍ ഉണ്ണിക്കണ്ണന്റെ സ്മരണകള്‍ നിറയുന്ന പവിത്രമായ ദിനമാണിത്.
ദ്വാപര യുഗത്തില്‍ ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം തിഥിയില്‍, രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണന് ജനിച്ചതെന്നാണ് വിശ്വാസം. കേരളത്തില്‍ ശ്രീകൃഷ്ണജയന്തിയെന്നാണ് ഈ ദിവസം അറിയപ്പെടുന്നതെങ്കില്‍, രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ജന്മാഷ്ടമി, ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി എന്നീ പേരുകളിലാണ് ആചരിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും വഴിപാടുകളും നടക്കും. കൂടാതെ, ഭക്തര്‍ക്കായി വിപുലമായ പിറന്നാള്‍ സദ്യയും മിക്ക ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്.
പുല്ലാങ്കുഴല്‍ നാദവും മയില്‍പ്പീലിയുടെ മനോഹാരിതയും ഒത്തുചേരുന്ന ശോഭായാത്രകളിലൂടെ സംസ്ഥാനം മുഴുവന്‍ കൃഷ്ണഭക്തിയുടെ നിറവിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

