ചൈനയിൽ നിന്ന് മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് പുറത്തുവരുന്നത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട
നിമിഷത്തിൽ കൂടെയാരുമില്ലാതെ ഒറ്റപ്പെട്ടുപോകുമെന്ന് ഭയന്ന ഒരു യുവാവ്, തന്റെ വിവാഹത്തിലേക്ക് തികച്ചും അപരിചിതരായ ആളുകളെ സോഷ്യൽ മീഡിയ വഴി ക്ഷണിക്കുകയായിരുന്നു. എന്നാൽ യുവാവിന്റെ പ്രതീക്ഷകളെ പോലും കടത്തിവെട്ടിക്കൊണ്ട് ആയിരങ്ങളാണ് ചടങ്ങിനെത്തിയത്.
വളരെ ചെറുപ്പത്തിൽ തന്നെ പിതാവ് നഷ്ടപ്പെടുകയും പിന്നീട് അമ്മ മറ്റൊരു വിവാഹം കഴിച്ചുപോവുകയും ചെയ്തതോടെ കടുത്ത കഷ്ടപ്പാടുകളിലൂടെയാണ് ഈ യുവാവും ജ്യേഷ്ഠനും വളർന്നത്. കഠിനാധ്വാനത്തിലൂടെ സ്വന്തം കാലിൽ നിൽക്കാൻ പാകത്തിൽ പണം സമ്പാദിച്ച ഇയാൾ താൻ സ്നേഹിച്ച യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.
എന്നാൽ ചടങ്ങിൽ പങ്കെടുക്കാൻ അടുത്ത ബന്ധുക്കളാരും ഇല്ലാതിരുന്നതാണ് പ്രതിസന്ധിയായത്. ചടങ്ങ് ആളില്ലാതെ ശൂന്യമായി പോകുമോ എന്ന ഭയത്തിലാണ് അദ്ദേഹം ഓൺലൈൻ വഴി പരസ്യമായി ക്ഷണക്കത്ത് പങ്കുവെച്ചത്.
“വഴിയാണ് സഹോദരാ, ഞങ്ങളിതാ എത്തുന്നു” എന്നായിരുന്നു ഈ ആഹ്വാനത്തോട് നെറ്റിസൺസ് പ്രതികരിച്ചത്. സൗജന്യ ഭക്ഷണം കഴിക്കാൻ എത്തിയവരാണ് ഇവർ എന്ന് കരുതിയെങ്കിൽ തെറ്റി; അരിയും പച്ചക്കറികളും ഉൾപ്പെടെയുള്ള വിവാഹ സാധനങ്ങളും വിലപിടിപ്പുള്ള സമ്മാനങ്ങളുമായാണ് ആളുകൾ ഒഴുകിയെത്തിയത്.
കല്യാണസദ്യ ഒരുക്കാൻ പ്രശസ്തരായ പാചകക്കാർ യാതൊരു പ്രതിഫലവും വാങ്ങാതെ സന്നദ്ധരായി മുന്നോട്ടുവന്നു. വിവാഹഘോഷയാത്രയ്ക്കായി നിരവധി പേർ സ്വന്തം കാറുകൾ വിട്ടുനൽകിയപ്പോൾ, വധൂവരന്മാർക്കുവേണ്ടി ഒരാൾ തന്റെ ആഡംബരമുള്ള മേബാക്ക് (Maybach) കാർ തന്നെ നൽകി.
മറ്റുചിലർ വീട് അലങ്കരിക്കാനും വിവാഹച്ചടങ്ങുകൾ കൃത്യമായി ഏകോപിപ്പിക്കാനും നേതൃത്വം നൽകി. റെഡ്ഡിറ്റിൽ ‘u/Sapphire-Crystal’ എന്ന യൂസർ പങ്കുവെച്ച ഈ ദൃശ്യങ്ങൾ മിനിറ്റുകൾക്കകം വലിയ രീതിയിലാണ് പ്രചരിച്ചത്.
“ഇത്രയും വലിയൊരു ജനക്കൂട്ടത്തെ കണ്ടപ്പോൾ ആ ചെറുപ്പക്കാരന്റെ വികാരം എന്തായിരിക്കും?”, “ഈ ഗ്രാമം വരുംവർഷങ്ങളിലും അവരുടെ വിവാഹവാർഷികങ്ങൾ ഇതുപോലെ ആഘോഷിക്കട്ടെ” എന്നിങ്ങനെ നിരവധി ഹൃദയസ്പർശിയായ പ്രതികരണങ്ങളാണ് ലോകമെമ്പാടുമുള്ള ആളുകളിൽ നിന്നുണ്ടാകുന്നത്. ഒരു യുവാവിന്റെ നിഷ്കളങ്കമായ ക്ഷണവും അതിന് അപരിചിതരായ മനുഷ്യർ നൽകിയ വിലമതിക്കാനാവാത്ത സ്നേഹവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

