ഇസ്ലാമാബാദ്: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര, വ്യാപാരിക ബന്ധങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക്. അതിർത്തികളിൽ സൈനിക വെടിവയ്പ്പുകൾ തുടരുന്നതിനിടയാണ് അഫ്ഗാൻ ജനതയെയും വ്യാപാരികളെയും കൂടുതൽ പ്രകോപിപ്പിക്കുന്ന നടപടിയുമായി പാക്കിസ്ഥാൻ രംഗത്തെത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളെ തുടർന്ന് 2025 ഒക്ടോബർ മുതൽ വ്യാപാരബന്ധങ്ങൾ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. കഴിഞ്ഞ ഒരു വർഷമായി അഫ്ഗാൻ വ്യാപാരികളുടെ ചരക്കുകൾ അടങ്ങിയ കണ്ടെയ്നറുകൾ പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്ത് ഉപേക്ഷിക്കപ്പെട്ട
നിലയിൽ കിടക്കുകയായിരുന്നു. അതിർത്തികൾ എത്രയും പെട്ടെന്ന് തുറക്കണമെന്നും കനത്ത സാമ്പത്തിക നഷ്ടമാണ് വ്യാപാരികൾ നേരിടുന്നതെന്നും ഇരുപക്ഷത്തുനിന്നും ശക്തമായ ആവശ്യമുയരുന്നതിനിടയിലാണ് പാക്കിസ്ഥാന്റെ ഈ ഏകപക്ഷീയമായ നീക്കം.
ഉയർന്ന നികുതിഭാരം, കനത്ത സ്റ്റോറേജ് വാടക, സ്ഥലപരിമിതി, അതിർത്തി തുറക്കുന്നതിലെ കടുത്ത അനിശ്ചിതത്വം എന്നിവ ചൂണ്ടിക്കാണിച്ചാണ് പാക് കസ്റ്റംസ് അധികൃതർ അഫ്ഗാന്റെ ചരക്കു കണ്ടെയ്നറുകൾ തുച്ഛമായ വിലയ്ക്ക് ലേലം ചെയ്തത്. അന്യന്റെ സ്വത്ത് യാതൊരു മടിയുമില്ലാതെ കൈക്കലാക്കുന്ന നടപടിയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് അഫ്ഗാനിസ്ഥാൻ ശക്തമായി അപലപിച്ചു.
ഏകദേശം 15,000ത്തോളം അഫ്ഗാൻ കണ്ടെയ്നറുകളും കാർഗോ ഷിപ്പ്മെന്റുകളുമാണ് പാക് തുറമുഖങ്ങളിൽ കെട്ടിക്കിടന്നിരുന്നത്. 2021ൽ അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തതുമുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം പൂർണ്ണമായും തകർന്നിരുന്നു.
പാക്കിസ്ഥാനിൽ നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാൻ താലിബാനാണെന്നാണ് പാക് ഭരണകൂടത്തിന്റെ നിരന്തരമായ ആരോപണം. ലേലം നടപടികൾ നടന്നതായി സ്ഥിരീകരിച്ച അഫ്ഗാൻ ചേംബർ ഓഫ് കൊമേഴ്സ് അധികൃതർ, പാക്കിസ്ഥാന്റെ ഈ ക്രൂരമായ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും ഉഭയകക്ഷി കരാറുകളുടെയും നഗ്നമായ ലംഘനമാണെന്നും തുറന്നടിച്ചു.
പൂർണ്ണമായും കരയാൽ ചുറ്റപ്പെട്ട രാജ്യമായതിനാൽ അഫ്ഗാൻ വ്യാപാരികൾ തങ്ങളുടെ കയറ്റുമതിക്കും ഇറക്കുമതിക്കുമായി പ്രധാനമായും കറാച്ചി ഉൾപ്പെടെയുള്ള പാക്കിസ്ഥാൻ തുറമുഖങ്ങളെയാണ് ആശ്രയിച്ചിരുന്നത്.
ഒരു വർഷമായി അതിർത്തികൾ അടച്ചിട്ടിരിക്കുന്നതിനാൽ ഇറാൻ വഴി വ്യാപാരം നടത്താൻ അഫ്ഗാനിസ്ഥാൻ ശ്രമിച്ചെങ്കിലും, ഇറാൻ-യുഎസ് യുദ്ധ സാഹചര്യങ്ങൾ കാരണം അത് നടപ്പായില്ല. നിലവിൽ ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങിയ അയൽരാജ്യങ്ങൾ വഴിയാണ് അഫ്ഗാന്റെ ഭൂരിഭാഗം വിദേശ വ്യാപാര ഇടപാടുകളും നടക്കുന്നത്.
വടക്കൻ അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയിൽ ഉസ്ബെക്കിസ്ഥാൻ അതിർത്തിയോട് ചേർന്നൊഴുകുന്ന അമു ദാര്യ നദിയും തീരത്തെ ഹൈരത്തൻ തുറമുഖവുമാണ് ഇപ്പോൾ അഫ്ഗാൻ സമ്പദ്വ്യവസ്ഥയ്ക്ക് ഏക ആശ്രയമാകുന്നത്. ഈ തുറമുഖം വഴി ഉസ്ബെക്കിസ്ഥാനിലേക്ക്യയക്കുന്ന ചരക്കുകൾ പിന്നീട് യൂറോപ്യൻ വിപണികളിലേക്കും കയറ്റി അയക്കുന്നുണ്ട്.
‘‘ഉസ്ബെക്കിസ്ഥാനും അഫ്ഗാനും തമ്മിൽ നല്ല ബന്ധമാണുള്ളത്. കഴിഞ്ഞ 3 മാസത്തിനിടെ ഹൈരത്തൻ പോർട്ട് വഴി 9.85 ലക്ഷം ടണ്ണിന്റെ ഇറക്കുമതി നടന്നു.
62,000 ടണ്ണിന്റെ കയറ്റുമതിയും. തൊട്ടുമുൻപത്തെ മൂന്നുമാസത്തേക്കാൾ യഥാക്രമം 62 ശതമാനവും 40 ശതമാനവും കൂടുതലാണിത്’’ – ആസ്ട്രാസ് കമ്പനി മേധാവി ബിസ്മില്ലാ മസാരി പറഞ്ഞു.
പ്രതിസന്ധികൾക്കിടയിലും ഹൈരത്തൻ തുറമുഖം അഫ്ഗാന്റെ വ്യാപാര മേഖലയ്ക്ക് വലിയ താങ്ങാണെന്നും, രാപകലില്ലാതെ കയറ്റുമതിയും ഇറക്കുമതിയും അവിടെ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

