സ്മാർട്ട്ഫോണുകളിൽ സന്ദേശങ്ങൾ അയക്കുന്ന രീതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഗൂഗിൾ. കീബോർഡുകളിൽ ടൈപ്പിംഗിനും വോയിസ് കമാൻഡുകൾക്കും പുറമെ, ആംഗ്യഭാഷയെ (Sign Language) അക്ഷരങ്ങളാക്കി മാറ്റാൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജിബോർഡിൽ (Gboard) ഈ സൗകര്യം ഉൾപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗൂഗിളിന്റെ പുതിയ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ആപ്ലിക്കേഷന്റെ ബീറ്റാ വേർഷനിൽ നടത്തിയ കോഡ് പരിശോധനയിലാണ് പുറത്തുവന്നത്.
ഇതനുസരിച്ച്, ഉപയോക്താക്കൾ ഫോണിന് മുന്നിൽ ആംഗ്യഭാഷ ഉപയോഗിക്കുമ്പോൾ, നിർമിത ബുദ്ധി അഥവാ എഐയുടെ സഹായത്തോടെ അത് ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റപ്പെടും. സ്വകാര്യത സംബന്ധിച്ചും കമ്പനി ഉറപ്പ് നൽകുന്നുണ്ട്.
ഉപയോക്താക്കൾ ചിത്രീകരിക്കുന്ന വീഡിയോ ക്ലൗഡിലേക്ക് അപ്ലോഡ് ചെയ്യപ്പെടില്ലെന്നും, ആംഗ്യഭാഷയുടെ ഡാറ്റാ പോയിന്റുകൾ മാത്രം പ്രോസസ്സിംഗിനായി ഉപയോഗിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ലോകമെമ്പാടും വ്യത്യസ്തങ്ങളായ ആംഗ്യഭാഷകൾ നിലവിലുണ്ട് എന്നതിനാൽ, ഈ ഫീച്ചർ ഏതെല്ലാം ഭാഷകളിൽ ലഭ്യമാകുമെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
തുടക്കത്തിൽ തിരഞ്ഞെടുത്ത ചില പ്രദേശങ്ങളിൽ മാത്രമായിരിക്കാം ഇതിന്റെ സേവനം ലഭ്യമാക്കുക. എങ്കിലും, ഭാവിയിൽ ആഗോളതലത്തിൽ ഈ സൗകര്യം വ്യാപിപ്പിക്കാൻ ഗൂഗിളിന് സാധിച്ചേക്കും.
നിലവിൽ ആപ്ലിക്കേഷന്റെ കോഡിംഗിൽ മാത്രമുള്ള ഈ ഫീച്ചർ പൊതുജനങ്ങൾക്കായി എപ്പോഴാണ് ലഭ്യമാക്കുകയെന്നതിൽ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. എങ്കിലും, ഭിന്നശേഷി സൗഹൃദ സാങ്കേതികവിദ്യകൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായി ഗൂഗിൾ കൊണ്ടുവരുന്ന ഈ മാറ്റം വലിയ പ്രതീക്ഷയോടെയാണ് ടെക് ലോകം നോക്കിക്കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

