ഗുരുഗ്രാം: ദ്വാരക എക്സ്പ്രസ് വേയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ടാക്സി ഡ്രൈവർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന അപകടത്തിൽ കാർ ഡ്രൈവറുടെ നെഞ്ചിലേക്ക് ഇരുമ്പ് കമ്പി തുളച്ചുകയറുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: ഗുരുഗ്രാമിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ടാക്സി, മുന്നിൽ സഞ്ചരിച്ചിരുന്ന ഇ-റിക്ഷയുടെ പുറകിൽ ഇടിക്കുകയായിരുന്നു. റിക്ഷയിൽ അശ്രദ്ധമായി കയറ്റിയിരുന്ന ഇരുമ്പ് കമ്പികൾ കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്ത് ഡ്രൈവറുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി.
ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. അപകടത്തിൽ കാറിലുണ്ടായിരുന്ന വനിതാ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്രദേശവാസികളുടെയും പോലീസിന്റെയും നേതൃത്വത്തിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാറിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരിയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. അഗ്നിശമന സേനയുടെയും പോലീസിന്റെയും സഹായത്തോടെയാണ് കാറിൽ കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്.
ദൃക്സാക്ഷികളുടെ മൊഴിയനുസരിച്ച്, എക്സ്പ്രസ് വേയിലെ ഓവർടേക്കിംഗ് ലൈനിലൂടെ സഞ്ചരിക്കുകയായിരുന്ന ഇ-റിക്ഷയിൽ ഇടിച്ചാണ് അപകടം നടന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ഗുരുഗ്രാം ട്രാഫിക് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

