ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലെ തേർഡ്-പാർട്ടി ആപ്പ് സ്റ്റോറുകൾക്കായി ഗൂഗിൾ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്ലേ സ്റ്റോറിന് സമാനമായ ആനുകൂല്യങ്ങളും പ്രവർത്തനാനുമതികളുമാണ് പുതിയ ‘റജിസ്റ്റർ ചെയ്ത ആപ്പ് സ്റ്റോറുകൾ‘ (Registered App Stores) പദ്ധതിയിലൂടെ തേർഡ്-പാർട്ടി സ്റ്റോറുകൾക്ക് ലഭിക്കുക.
ഡെവലപ്പർ വെബ്സൈറ്റിലൂടെയാണ് ഗൂഗിൾ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവിട്ടത്. ആപ്പ് സ്റ്റോറുകൾക്ക് ഇതിനായി ഇപ്പോൾ സർട്ടിഫിക്കേഷന് അപേക്ഷിക്കാവുന്നതാണ്.
2026 ഡിസംബർ 1-ന് പദ്ധതി ഔദ്യോഗികമായി നിലവിൽ വരും. ആൻഡ്രോയിഡ് 17 QPR2 അല്ലെങ്കിൽ അതിനുശേഷമുള്ള ഉയർന്ന പതിപ്പുകളിലാണ് ഈ സേവനം ലഭ്യമാകുക.
പരിശോധിച്ചറിഞ്ഞ ഇത്തരം ആപ്പ് സ്റ്റോറുകൾ വഴി ആൻഡ്രോയിഡിൽ ആപ്പുകൾ പശ്ചാത്തലത്തിലൂടെ ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ഒരുക്കുമെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ മാർച്ച് 2026-ലാണ് ആന്റിട്രസ്റ്റ് നിയമങ്ങളുടെ പശ്ചാത്തലത്തിലും എപ്പിക് ഗെയിംസുമായി നടത്തിയ നിയമപോരാട്ടങ്ങളുടെയും യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ടിന്റെയും ഭാഗമായി റജിസ്റ്റർ ചെയ്ത ആപ്പ് സ്റ്റോറുകൾ എന്ന ആശയം ഗൂഗിൾ പ്രഖ്യാപിച്ചത്.
ഈ പദ്ധതിയിലൂടെ ഡെവലപ്പർമാർക്കും കമ്പനികൾക്കും തങ്ങളുടെ ആപ്പ് സ്റ്റോറുകൾ ഗൂഗിളിന്റെ അനുമതിക്കായി റജിസ്റ്റർ ചെയ്യാം. അനുമതി ലഭിച്ചുകഴിഞ്ഞാൽ പ്ലേ സ്റ്റോറിന്റെ വലിയ നിയന്ത്രണങ്ങളില്ലാതെ ഉപയോക്താക്കൾക്ക് സ്വന്തം ആപ്പുകളും സേവനങ്ങളും ലഭ്യമാക്കാൻ സാധിക്കും.
അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഉപയോക്താക്കൾക്ക് പ്ലേ സ്റ്റോറിനുള്ളിൽ നിന്ന് തന്നെ നേരിട്ട് തേർഡ്-പാർട്ടി ആപ്പ് സ്റ്റോറുകൾ ആക്സസ് ചെയ്യാൻ സാധിക്കും. മികച്ച വിതരണ ശൃംഖലയ്ക്ക് പുറമേ, ഈ ആപ്പ് സ്റ്റോറുകൾ സ്വന്തം ബില്ലിംഗ്, ഫീസ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും.
അതേസമയം ആപ്പുകളുടെയും സ്റ്റോറുകളുടെയും സുരക്ഷാ മാനദണ്ഡങ്ങൾ ഗൂഗിൾ തന്നെയായിരിക്കും പരിശോധിക്കുന്നത്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, റജിസ്റ്റർ ചെയ്ത ആപ്പ് സ്റ്റോറുകൾക്ക് അധിക കൺഫർമേഷൻ സ്ക്രീനുകൾ ഇല്ലാതെ ഒറ്റ ക്ലിക്കിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള സൗകര്യവും (one-tap installation) പ്ലേ സ്റ്റോറിന് സമാനമായി ആപ്പുകളും ഗെയിമുകളും പശ്ചാത്തലത്തിൽ സ്വയം അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
എന്നാൽ സാധാരണയായി സൈഡ്ലോഡ് ചെയ്യുന്ന ആപ്പുകൾക്ക് അധിക സുരക്ഷാ അനുമതികളും ഓട്ടോമാറ്റിക് പശ്ചാത്തല അപ്ഡേറ്റുകളുടെ ലഭ്യതക്കുറവും ഉണ്ടാകാറുണ്ട്. കൂടാതെ, വെരിഫൈ ചെയ്ത ആപ്പ് സ്റ്റോറുകൾക്ക് സ്വന്തം പ്ലാറ്റ്ഫോമിൽ പ്രഖ്യാപനങ്ങളും അപ്ഡേറ്റുകളും നൽകാൻ സാധിക്കുന്നത് ഉപയോക്താക്കളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കും.
ആസ്ട്രേലിയ, ബ്രസീൽ, കാനഡ, ജർമ്മനി, ഇറ്റലി, ജപ്പാൻ, മലേഷ്യ, ന്യൂസിലാൻഡ്, സിംഗപ്പൂർ, യു.എ.ഇ, യുണൈറ്റഡ് കിങ്ഡം തുടങ്ങിയ തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് വെരിഫൈ ചെയ്ത ആൻഡ്രോയിഡ് ആപ്പ് സ്റ്റോറുകൾ ലഭ്യമാകുന്നത്. യു.എസിൽ കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ എപ്പിക് സ്റ്റോർ പോലുള്ള എതിരാളികളായ തേർഡ്-പാർട്ടി സ്റ്റോറുകൾക്ക് പ്ലേ സ്റ്റോർ വഴി നേരിട്ട് ആപ്പുകൾ വിതരണം ചെയ്യാൻ ഗൂഗിൾ അനുമതി നൽകിയിട്ടുണ്ട്.
നിലവിൽ ആപ്പ് സ്റ്റോറുകൾ ഒന്നും തന്നെ ഇതിനായി അപേക്ഷിക്കുകയോ അനുമതി നേടുകയോ ചെയ്തിട്ടില്ലെങ്കിലും, യു.എസിൽ ആപ്ടോയിഡ് (Aptoide) ആദ്യമായി അംഗീകാരം നേടുന്ന തേർഡ്-പാർട്ടി ആപ്പ് സ്റ്റോർ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമസോൺ ആപ്പ് സ്റ്റോർ, എപ്പിക് ഗെയിംസ് സ്റ്റോർ എന്നിവയും ഭാവിയിൽ ഇതിനായി അപേക്ഷിച്ചേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

