അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മത്സ്യബന്ധന കപ്പൽ ഇന്ത്യൻ നാവികസേന വിജയകരമായി മോചിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
ഇറാനിയൻ മത്സ്യബന്ധന കപ്പലായ ‘അസിനി’യാണ് സൊമാലിയൻ കടൽക്കൊള്ളക്കാരുടെ പിടിയിലായത്. 48 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ ദൗത്യത്തിനൊടുവിലാണ് നാവികസേന കപ്പൽ സുരക്ഷിതമായി തിരിച്ചുപിടിച്ചത്.
സംഭവത്തിൽ യാതൊരുവിധ ആളപായമോ ആർക്കും പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ നിർണായകമായ ഇടപെടലാണിത്.
മുംബൈ തീരത്തുനിന്ന് 3000 കിലോമീറ്റർ അകലെ വ്യോമസേനയുടെ സജീവമായ സഹായത്തോടെയായിരുന്നു നാവികസേനയുടെ ഈ രക്ഷാദൗത്യം പൂർത്തിയാക്കിയത്. വ്യോമസേനയുടെ C-17 വിമാനത്തിൽ നിന്ന് പാരഡ്രോപ്പ് വഴിയാണ് മറൈൻ കമാൻഡോകളെ കപ്പലിൽ എത്തിച്ചത്.
തുടർന്ന് കടൽക്കൊള്ളക്കാരെ കീഴ്പ്പെടുത്തി കപ്പൽ പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ നാവികസേനയ്ക്ക് സാധിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വടക്കുകിഴക്കൻ സൊമാലിയൻ തീരത്തുവെച്ചാണ് ഇറാനിയൻ മത്സ്യബന്ധന കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്.
കടൽക്കൊള്ളക്കാരുടെ 12 അംഗ സംഘമാണ് ഈ കൃത്യം നടത്തിയത്. എന്നാൽ, കപ്പൽ മോചിപ്പിക്കുന്ന സമയത്ത് 21 ഇറാനിയൻ ജീവനക്കാരും രണ്ട് സൊമാലിയൻ സെക്യൂരിറ്റി ഗാർഡുമാരും അടക്കം 23 പേരാണ് കപ്പലിലുണ്ടായിരുന്നത്.
ഇറാനിയൻ കപ്പൽ തട്ടിയെടുത്ത സൊമാലിയൻ കടൽക്കൊള്ളക്കാർ മേഖലയിലെ മറ്റ് വാണിജ്യ കപ്പലുകളെ ആക്രമിക്കാനുള്ള മദർഷിപ്പായി ഇതിനെ ഉപയോഗിച്ചേക്കുമെന്ന് മാരിടൈം സെക്യൂരിറ്റി സെന്റർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യൻ നാവികസേന അതിനിർണായകമായ ഇടപെടൽ നടത്തിയത്.
സൊമാലിയൻ കടൽക്കൊള്ളക്കാരിൽനിന്ന് ഇറാനിയൻ കപ്പലിനെ മോചിപ്പിച്ച ഇന്ത്യൻ നാവികസേനയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

