റെയിൽവേയിൽ ഉദ്യോഗം വാഗ്ദാനനം ചെയ്ത് വിവിധ വ്യക്തികളിൽ നിന്നായി ഏകദേശം ഒരു കോടിയോളം രൂപ കബളിപ്പിച്ച് ഉത്തർപ്രദേശിലേക്ക് ഒളിവിൽ പോയ പിടികിട്ടാപ്പുള്ളിയെ തൃശൂർ എസിപി ഓഫിസിന് തൊട്ടുമുന്നിൽ വെച്ച് ട്രാഫിക് ഉദ്യോഗസ്ഥൻ അതിവിദഗ്ദ്ധമായി പിടികൂടി. നെന്മണിക്കര പാലാഴി രഞ്ജിത്ത് (45) ആണ് ഒടുവിൽ നിയമത്തിന് മുന്നിൽ അകപ്പെട്ടത്.
ട്രാഫിക് നിയന്ത്രണ ജോലികളിൽ ഏർപ്പെട്ടിരിക്കവെ റോഡിലൂടെ നടന്നുപോയ ഇയാളെ കണ്ടുപരിചയം തോന്നിയ സീനിയർ സിപിഒ ഷിബു ജോർജ് സമീപ്പത്തിലെത്തി പേര് ചോദിച്ചപ്പോഴാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കുടുങ്ങിയത്. മുൻപ് രഞ്ജിത്തിനെ തേടി ബെംഗളൂരു വരെ സഞ്ചരിച്ച അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഷിബു ജോർജ്.
പ്രതിയെ കണ്ടപാടെ അദ്ദേഹം ശാന്തമായി പറഞ്ഞു, ‘വരൂ നമുക്കൊന്നു പൊലീസ് സ്റ്റേഷൻ വരെ പോകാം!’
പല സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ പശ്ചാത്തലം ഇങ്ങനെ:
എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ ഷിബു ജോർജ് സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് 21 ലക്ഷം രൂപയുടെ തൊഴിൽ തട്ടിപ്പ് പരാതി അന്വേഷണത്തിനായി അദ്ദേഹത്തിന് ലഭിക്കുന്നത്. നെന്മണിക്കര സ്വദേശിയും അരണാട്ടുകരയിൽ സ്ഥിരതാമസക്കാരനുമായ രഞ്ജിത്ത്, ഗുരുവായൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ വിനോദ്കുമാർ ഉൾപ്പെടെ മൂന്ന് പേരാണ് ഈ കേസിലെ പ്രതികളെന്ന് അന്ന് വ്യക്തമായി.
തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിനോദ് നിലവിൽ സസ്പെൻഷനിലാണ്. എന്നാൽ രഞ്ജിത്തിനെ തേടിയിറങ്ങിയ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
കുന്നംകുളം, ആളൂർ, കൊരട്ടി, പുത്തൻകുരിശ് തുടങ്ങി വിവിധ സ്റ്റേഷൻ പരിധികളിലായി കോടിയോളം രൂപയുടെ തട്ടിപ്പുകളിൽ ഇയാൾ പ്രതിയാണെന്ന് പിന്നീട് അന്വേഷണത്തിൽ തെളിയുകയായിരുന്നു. പൊലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ രഞ്ജിത്ത് ആദ്യം ബെംഗളൂരുവിലേക്കും, അവിടെയും പൊലീസ് എത്തിയതോടെ തമിഴ്നാട്ടിലേക്കും ഒളിച്ചോടി.
അന്വേഷണം വ്യാപിപ്പിച്ച് പൊലീസ് തമിഴ്നാട്ടിലെത്തിയപ്പോൾ ഇയാൾ ഉത്തർപ്രദേശിലേക്ക് കടക്കുകയായിരുന്നു. ഉത്തർപ്രദേശ് വരെ അന്വേഷണ സംഘംയെത്തിയെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല.
തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തണുപ്പൻ പ്രതികരണമായിരിക്കുമെന്ന് കരുതി കഴിഞ്ഞ ദിവസം ഇയാൾ കോയമ്പത്തൂരിലേക്ക് മടങ്ങിയെത്തുകയായിരുന്നു. വിളക്കെണ്ണ ബിസിനസുമായി ബന്ധപ്പെട്ട
ഒരു തർക്കത്തിൽ പരാതി നൽകാനായി എസിപി ഓഫിസിലെത്തിയപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഷിബു ജോർജ് ഇയാളെ തിരിച്ചറിഞ്ഞത്. ഉടൻതന്നെ രഞ്ജിത്തിനെ തടഞ്ഞുനിർത്തിയ ഉദ്യോഗസ്ഥൻ തന്റെ മൊബൈൽ ഫോണിൽ പഴയ കേസ് ഫയൽ പരിശോധിക്കുകയും ആധാർ വിവരങ്ങളുമായി ഒത്തുനോക്കി പ്രതിയാണെന്ന് പൂർണ്ണമായും ഉറപ്പുവരുത്തുകയും ചെയ്തു.
തുടർന്ന് ഷിബു ജോർജ് ഈസ്റ്റ് പൊലീസിന്റെ പിന്തുണയോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് എരുമപ്പെട്ടി എസ്എച്ച്ഒ ആന്റോ ഫ്രാൻസിസ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പ്രതിയെ ഔദ്യോഗികമായി കസ്റ്റഡിയിൽ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

