സ്മാർട്ട്ഫോൺ ഉപയോഗത്തിലെ അമിതമായ വിവരലഭ്യതയ്ക്ക് ലളിതമായ പരിഹാരവുമായി സാങ്കേതിക ലോകം വീണ്ടും പഴയ രീതികളിലേക്ക് മടങ്ങുന്നു. മുൻകാലങ്ങളിൽ ഫോണുകളിൽ മിസ്ഡ് കോളുകളോ സന്ദേശങ്ങളോ വരുമ്പോൾ സ്ക്രീനിൽ ചെറിയ ഐക്കണോ എൽ.ഇ.ഡി ലൈറ്റോ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ സോഫ്റ്റ്വെയർ, ഹാർഡ്വെയർ രംഗത്തെ പുരോഗതിയോടെ ലോക്ക് സ്ക്രീൻ മുഴുവൻ ലൈവ് ആക്റ്റിവിറ്റികളും വിഡ്ജറ്റുകളും മെസ്സേജ് പ്രിവ്യൂകളും കൊണ്ട് നിറയുന്ന സ്ഥിതിയുണ്ടായി. ഇതോടെ ഉപയോക്താക്കൾക്ക് ആവശ്യമായതും അല്ലാത്തതുമായ അനേകം വിവരങ്ങൾ ഒരേസമയം ലഭിക്കാൻ തുടങ്ങി.
ഈ സാഹചര്യത്തിലാണ് നോട്ടിഫിക്കേഷൻ സംവിധാനങ്ങൾ കൂടുതൽ ലളിതമാക്കണമെന്ന ചർച്ചകൾ വീണ്ടും സജീവമാകുന്നത്. വർഷങ്ങളായി ഫോണുകളിൽ എൽ.ഇ.ഡി ഇൻഡിക്കേറ്റർ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഉയരുന്നുണ്ടായിരുന്നെങ്കിലും സാംസങ്, Google, മോട്ടറോള, വൺപ്ലസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളൊന്നും ഈ ഫീച്ചർ നൽകിയിരുന്നില്ല.
എന്നാൽ 2022-ൽ നത്തിങ് പുറത്തിറക്കിയ ഫോൺ 1, പിന്നിലെ എൽ.ഇ.ഡി അറേയിലൂടെ ഉപയോക്താക്കൾക്ക് വളരെ ലളിതമായ രീതിയിൽ വിവരങ്ങൾ നൽകി ശ്രദ്ധ നേടിയിരുന്നു. നിലവിൽ ഈ ആശയവുമായി ഗൂഗിളും രംഗത്തെത്തിയിരിക്കുകയാണ്.
നെക്സസ് വൺ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള മാറ്റങ്ങളുമായി Pixel Glow ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. നിലവിലുള്ള നോട്ടിഫിക്കേഷൻ സംവിധാനങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നല്ല ഇതിനർത്ഥം.
മറിച്ച്, അമിതമായ വിവരങ്ങളുടെ തള്ളക്കയറ്റം ഒഴിവാക്കി ഉപയോക്താക്കൾക്ക് അത്യാവശ്യ വിവരങ്ങൾ മാത്രം പെട്ടെന്ന് മനസ്സിലാക്കാൻ ഇത്തരം സംവിധാനങ്ങൾ സഹായിക്കും. ആപ്പുകളുടെ എണ്ണം കൂടിയതോടെ ഓരോ ദിവസവും അനാവശ്യ നോട്ടിഫിക്കേഷനുകൾ നീക്കം ചെയ്യാൻ മാത്രമായി വലിയ സമയം നഷ്ടപ്പെടുന്നതായി ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഈ പ്രശ്നത്തിന് പരിഹാരമായാണ് ഗൂഗിളിന്റെ പുതിയ നീക്കം. ഡിജിറ്റൽ ലോകത്തെ വിവരങ്ങളുമായി ആരോഗ്യകരമായ ഒരു ബന്ധം സ്ഥാപിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന വിധത്തിലായിരിക്കും പുതിയ മാറ്റങ്ങൾ എന്നാണ് സാങ്കേതിക ലോകത്തിന്റെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

