സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്ന കാര്യത്തിൽ ഔദ്യോഗിക വ്യക്തത തേടി ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി. കിമ്മിന്റെ പിൻഗാമിയായി മകൾ കി ജൂ എ എത്തുമെന്ന തരത്തിലുള്ള ചർച്ചകളും പ്രചാരണങ്ങളും ശക്തമാകുന്നതിനിടയിലാണ് നിർണായക നീക്കവുമായി ദക്ഷിണ കൊറിയ രംഗത്തെത്തിയിരിക്കുന്നത്.
ഭാര്യ റി സോൾ ജൂവിൽ കിമ്മിന് ആൺമക്കളില്ലെന്ന് മുൻപ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ദക്ഷിണകൊറിയൻ ഇന്റലിജൻസ് വിഭാഗം പുതിയ വിലയിരുത്തലുകൾ പുറത്തുവിട്ടു.
കിമ്മിന് ഒരു മകനുണ്ടെങ്കിൽ തന്നെ, രാജ്യത്തിന്റെ ഭരണ നേതൃത്വത്തിലേക്ക് ഉയർത്തിക്കാട്ടാൻതക്ക പദവിയിലല്ല ആ കുട്ടി നിലവിലുള്ളതെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ. കൂടാതെ, ലിംഗഭേദം സ്ഥിരീകരിക്കാത്ത മറ്റൊരു ഇളയ കുട്ടി കൂടി കിം ജോങ് ഉണ്ണിന് ഉണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
നിലവിൽ ഏകദേശം 13 വയസ്സ് പ്രായം കണക്കാക്കപ്പെടുന്ന കിം ജൂ എ, മിസൈൽ പരീക്ഷണങ്ങൾ, വ്യോമസേനാ താവള സന്ദർശനങ്ങൾ, സൈനിക പരേഡുകൾ തുടങ്ങി നിരവധി സുപ്രധാന ഭരണഘടനാ-സൈനിക ചടങ്ങുകളിൽ പിതാവിനൊപ്പം നിരന്തരം പങ്കെടുക്കാറുണ്ട്. വരുംകാല ഭരണാധികാരിയായി അവളെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഈ പൊതുവേദികളിലെ സാന്നിധ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഉത്തരകൊറിയയുടെ ചരിത്രത്തിൽ ഇതുവരെ പുരുഷന്മാർ മാത്രമാണ് ഭരണാധികാരികളായി വന്നിട്ടുള്ളത്. അതിനാൽ തന്നെ ഒരു പെൺകുട്ടിയെ പരമോന്നത പദവിയിലേക്ക് പിൻഗാമിയായി ഉയർത്തുന്നതിൽ രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.
രാജ്യത്തെ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഒരു സ്ത്രീയുടെ നേതൃത്വം അംഗീകരിക്കുമോ എന്ന ചോദ്യവും ശക്തമാണ്. എങ്കിലും, ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ ജൂ എയെ ഏറ്റവും പ്രിയപ്പെട്ട
കുട്ടി എന്ന് വിശേഷിപ്പിക്കുകയും പ്രധാന വാർത്തകളിൽ നിരന്തരം ഉൾപ്പെടുത്തുകയും ചെയ്യുന്നത് അവരുടെ രാഷ്ട്രീയ പ്രസക്തിയുടെ ആഴം വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

