വയനാട് മീനങ്ങാടി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി ഉത്തരവായി.
വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയിട്ടുള്ളത്. വിനോദയാത്രയുമായി ബന്ധപ്പെട്ട
സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച പറ്റിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനുപുറമേ, സ്കൂൾ പി.ടി.എ പ്രസിഡന്റിനെ ചുമതലയിൽ നിന്ന് മാറ്റണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ചട്ടങ്ങൾ പാലിക്കാതെ നടത്തിയ വിനോദയാത്രയെ തുടർന്നുണ്ടായ സംഭവങ്ങളിൽ മുൻപ് പ്രിൻസിപ്പൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ആര്ആര്ഡിയിൽ നിന്ന് അനുമതി തേടിയില്ലെന്നും മൂന്നുദിവസം നടത്തേണ്ട
യാത്ര 5 ദിവസം വരെ നീട്ടിയെന്നുമാണ് പ്രധാനമായും ആരോപിക്കപ്പെട്ടത്. എന്നാൽ രക്തപരിശോധന ഫലം നെഗറ്റീവായിരുന്നതിനെ തുടർന്ന് പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റെന്ന് തെളിഞ്ഞിരുന്നു.
“വലിയ പ്രയാസമാണ് ഞാൻ നേരിട്ടത്. സത്യം ജയിക്കും എന്നതിന്റെ ഉദാഹരണമാണിത്.
എനിക്കുണ്ടായ മാനസിക പ്രയാസത്തിനും കുടുംബം അനുഭവിച്ച പ്രയാസത്തിനും ആര് മറുപടി പറയുമെന്നും സങ്കുചിത താൽപര്യങ്ങളുടെ പേരിൽ ഒരാളെ മാനസികമായി തകർക്കാം എന്നതിന്റെ ഉദാഹരണമാണ് ഞാനെന്നും” ഷിവി കൃഷ്ണൻ വ്യക്തമാക്കി. തനിക്കെതിരെ പൊലീസിൽ ഒരു പരാതിയും നിലവിലില്ലെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ഭാഗത്തുനിന്ന് ചില അപക്വമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും താൻ ആ കുഞ്ഞുങ്ങളെ കുറ്റം പറയുന്നില്ലെന്നും അവർക്ക് അത്രയേ അറിവുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സത്യസന്ധത തെളിയിക്കാനാണ് എത്തിയത്.
എന്നാൽ അവിടെയെത്തിയവരിൽ ഒരാളൊഴികെ മറ്റാരും കുട്ടികളുടെ രക്ഷിതാക്കളായിരുന്നില്ല. തനിക്കെതിരെ രാഷ്ട്രീയ നീക്കം നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്.
പരാതികൾ ഒന്നുമില്ലാത്തതിനാൽ താൻ യാതൊരുവിധ പരിശോധനകൾക്കും വിധേയനാകാൻ ബാധ്യസ്ഥനല്ല. എന്നാൽ യൂറിൻ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടത് ഒരു രാഷ്ട്രീയ പ്രവർത്തകനാണ്.
ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പാണ് നടന്നത്. ഇതിനു പിന്നിൽ പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ചെയ്തത്.
കുട്ടികളും ഇപ്പോൾ വലിയ പ്രയാസത്തിലാണ്. എനിക്കെതിരെ നടന്ന ഈ നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികളെക്കുറിച്ച് ഞാൻ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

