പത്തനംതിട്ട ജില്ലയിലെ അടൂർ പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവവികാസങ്ങളിൽ വിശദീകരണവുമായി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും കെ.എസ്.യു നേതാവ് ഫെനി നൈനാനും രംഗത്തെത്തി.
തങ്ങൾ സ്റ്റേഷനിൽ യാതൊരുവിധ അതിക്രമവും നടത്തിയിട്ടില്ലെന്നും, ഒരു പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ മാത്രമാണ് അവിടെയെത്തിയതെന്നും ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി. സ്റ്റേഷന് അകത്തോ പുറത്തോ യാതൊരുവിധ അക്രമങ്ങളും നടന്നിട്ടില്ലെന്നും പൊലീസ് ആവശ്യപ്പെട്ട
പ്രകാരമുള്ള നടപടിക്രമങ്ങൾ മാത്രമാണ് പൂർത്തിയാക്കിയതെന്നും അവർ കൂട്ടിച്ചേർത്തു. സ്റ്റേഷനുള്ളിലെ സെല്ലിനകത്ത് പ്രവേശിക്കുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും, സെല്ലിന് പുറത്തുനിന്ന് ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് ചോദിച്ചതെന്നും അവർ വ്യക്തമാക്കി.
സ്ത്രീയേറെ അധിക്ഷേപിക്കുന്ന യൂട്യൂബറായ രാജനെ പിന്തുണയ്ക്കുന്ന നിലവാരത്തിലേക്ക് അടൂരിലെ സി.പി.എം നേതാക്കൾ അധഃപതിച്ചുവെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. എൽ.ഡി.എഫിന് അധികാരം നഷ്ടപ്പെട്ടതിന്റെ ചിത്തഭ്രമമാണ് സി.പി.എം പ്രകടിപ്പിക്കുന്നത്.
സി.പി.എം അടൂർ ഏരിയ സെക്രട്ടറി മനോജിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ അടൂർ പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തു കൊണ്ടുവന്നപ്പോൾ സ്റ്റേഷനുള്ളിൽ വെല്ലുവിളികളും സംഘർഷവുമുണ്ടായത്. പൊലീസ് കസ്റ്റഡിയിലുള്ള യൂട്യൂബർ രാജൻ ജോസഫിനെ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്നതും പരാതിക്കാരിയായ കോൺഗ്രസ് നേതാവ് ശ്രീനാദേവി പിന്നീട് സ്റ്റേഷനുള്ളിൽ പ്രവേശിച്ച് വെല്ലുവിളിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
സംഭവത്തിന് പൊലീസിന്റെ ഒത്താശയുണ്ടായിരുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇക്കഴിഞ്ഞ ജൂലൈ 11-നാണ് ഈ സംഭവം നടക്കുന്നത്.
രണ്ട് പൊലീസുകാർക്ക് ഉൾപ്പെടെ പരിക്കേറ്റ ഈ സംഭവത്തിൽ അന്ന് തന്നെ കേസെടുത്തിരുന്നു. എന്നാൽ കണ്ടാലറിയാവുന്ന 20 പേർ എന്ന രീതിയിൽ മാത്രമായിരുന്നു അന്നത്തെ നടപടി.
വ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ശ്രീനാദേവിക്കും ഫെന്നിക്കും അടക്കമുള്ളവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് സി.പി.എമ്മിന്റെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

