അട്ടപ്പാടിയിലെ വർധിച്ചുവരുന്ന ശിശുമരണങ്ങൾ തടയുന്നതിന്റെ ഭാഗമായി കൂടുതൽ ഇടപെടലുകളുമായി ആരോഗ്യ വകുപ്പ് രംഗത്ത്. പ്രദേശത്തെ ആരോഗ്യ സംവിധാനങ്ങളുടെ പോരായ്മകൾ നേരിട്ട് മനസിലാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി കെ മുരളീധരൻ അട്ടപ്പാടി സന്ദർശിച്ചു.
തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പല ഡോക്ടർമാർക്കും അട്ടപ്പാടിയിലേക്ക് സേവനത്തിന് എത്താൻ വിമുഖതയുണ്ടെങ്കിലും, കൂടുതൽ ജീവനക്കാരെ ഉടൻ തന്നെ നിയമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി സന്ദർശിച്ച അദ്ദേഹം അവിടുത്തെ ചികിത്സാ സൗകര്യങ്ങളും പരിശോധിച്ചു. ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവുണ്ടെന്ന കാര്യം മന്ത്രി സമ്മതിച്ചു.
പ്രദേശത്ത് പീഡിയാട്രിക് ആംബുലൻസ് ലഭ്യമാക്കുന്നതിനൊപ്പം നിയോനാറ്റൽ പീഡിയാട്രി വിഭാഗത്തിന്റെ പ്രവർത്തനം വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫീൽഡ് സ്റ്റാഫുകളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
‘ജനനി ജന്മരക്ഷ’ പദ്ധതി പ്രകാരം പണത്തിന് പകരം നേരിട്ട് പോഷകാഹാരം നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഫണ്ട് ലഭ്യതക്കുറവ് മൂലമാണ് കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം പ്രതിസന്ധിയിലായത് എന്നും, ഇതിന്റെ കുടിശ്ശിക ഉടൻ തന്നെ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രദേശത്ത് കരിദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

