പുതുപ്പള്ളിയിൽ സഹോദയ സർഗസംഗമ കലോത്സവത്തിന്റെ ആവേശപ്പോരാട്ടങ്ങൾ പുരോഗമിക്കുന്നു. കനത്ത ചൂടിനെ അവഗണിച്ചുള്ള പ്രകടനങ്ങളിലൂടെ നിരവധി വിദ്യാർഥികളാണ് ഇത്തവണ വേദികളിൽ മാറ്റുരയ്ക്കുന്നത്.
വേദിയിൽ കാലിടറി വീണിട്ടും ഗൗതം സായി പ്രതിസന്ധിയെ അതിജീവിച്ച കഥയാണ് കലോത്സവത്തിൽ ശ്രദ്ധേയമായത്. വെള്ളിയാഴ്ച രാവിലെ നടന്ന കാറ്റഗറി 2 നാടോടിനൃത്ത മത്സരത്തിനിടെ കാർപ്പറ്റിൽ മുട്ടുകുത്തി വീണ് കാലിന് പരിക്കേറ്റിരുന്നു.
കടുത്ത വേദനയുണ്ടായിരുന്നെങ്കിലും മത്സരം പൂർത്തിയാക്കിയ ഗൗതം, ഒന്നര മണിക്കൂറിനു ശേഷം ഭരതനാട്യത്തിലും പങ്കെടുത്തു. ഈ ഇനത്തിൽ ഫസ്റ്റ് എ ഗ്രേഡും സ്വന്തമാക്കിയാണ് ഈ മിടുക്കൻ മാതൃകയായത്.
ഇല്ലിക്കൽ ചിന്മയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ഗൗതം. പാലാ ചാവറ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ അദ്വൈത് അമർ ഭരതനാട്യത്തിൽ അഞ്ചാം വർഷമാണ് തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.
കുച്ചിപ്പുഡിയിലും കഴിഞ്ഞ രണ്ടു വർഷമായി താരം ഒന്നാം സ്ഥാനത്താണ്. അച്ഛനും അമ്മയും വിദേശത്തായതിനാൽ 62 കാരിയായ മുത്തശ്ശി ലീലാദേവിയാണ് അദ്വൈതിന്റെ എല്ലാ കാര്യങ്ങൾക്കും കൂടെയുള്ളത്.
“ആൺകുട്ടികളുടെ ഡാൻസ് കാണാൻ ഏറെ ഇഷ്ടമാണ്. ഞാനാണ് അദ്വൈതുമായി എല്ലാ കലോത്സവ വേദികളിലും എത്താറുള്ളത്” എന്ന് ലീലാ ദേവി വ്യക്തമാക്കുന്നു.
മോണോആക്ടിൽ മിന്നുന്ന പ്രകടനവുമായി നന്ദിത ആൻ ഫിലിപ്പ് കാറ്റഗറി 4-ൽ ഫസ്റ്റ് എ ഗ്രേഡ് സ്വന്തമാക്കി. സഹോദയ കലോത്സവത്തിൽ തുടർച്ചയായി മൂന്നാം തവണയാണ് നന്ദിത ഈ നേട്ടം ആവർത്തിക്കുന്നത്.
നാടോടിനൃത്തത്തിൽ മൂന്നാം സ്ഥാനവും ഈ മിടുമിടുക്കി നേടിയിട്ടുണ്ട്. കളത്തിപ്പടി മരിയൻ സീനിയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ് നന്ദിത.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമാന ഇനങ്ങളിൽ തിളങ്ങിയ ചേച്ചി നമിത സൂസൻ ഫിലിപ്പിന്റെ പാത പിന്തുടർന്നാണ് ഈ നേട്ടം. മണർകാട് മണ്ണുപ്പറമ്പിൽ ബിവിൻ വർഗീസിന്റെയും ഡോ.
സുരമ്യ മത്തായിയുടെയും മകളാണ് നന്ദിത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

