ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് എതിരെ സ്വന്തം പാർട്ടിയിൽ കടുത്ത വിമത നീക്കം. മന്ത്രിസഭയിലെ എട്ട് മന്ത്രിമാരെയും മുഖ്യമന്ത്രിയുടെ ഉപദേശകനെയും മാറ്റണമെന്ന് ആവശ്യപ്പെട്ട് 25 എംഎൽഎമാർ രംഗത്തെത്തി.
രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. പാർട്ടിയുടെ ആകെ 41 എംഎൽഎമാരിൽ 25 പേർ പങ്കെടുത്ത നിർണായക യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് ദില്ലിയിൽ ഉള്ളപ്പോഴാണ് നാഷണൽ കോൺഫറൻസിൽ ഈ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. ഇതിനിടെ, വരും ദിവസങ്ങളിൽ അതായത് നവംബർ മൂന്നിന് രാജി നൽകുമെന്ന് പാർട്ടി എംപി ആഗാ റുഹുല്ലാ മെഹ്ദി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അടുത്തിടെ നടന്ന മന്ത്രിസഭാ വികസനത്തിന് തൊട്ടുപിന്നാലെയാണ് സ്വന്തം പാർട്ടിയിലെ ഭൂരിഭാഗം എംഎൽഎമാരും സർക്കാരിനും നേതൃത്വത്തിനുമെതിരെ തിരിഞ്ഞിരിക്കുന്നത്. ഭരണത്തിൽ കൂടുതൽ ഉത്തരവാദിത്തവും അടുത്തിടെ നടന്ന മന്ത്രിസഭാ പുനഃസംഘടനയിലെ മാനദണ്ഡങ്ങളിൽ സുതാര്യതയും വേണമെന്ന് വിമത വിഭാഗം ആവശ്യപ്പെടുന്നു.
എംഎൽഎ കൈസർ ജംഷീദ് ലോണിന്റെ വസതിയിലായിരുന്നു ഈ നിർണായക യോഗം ചേർന്നത്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് നാസിർ അസ്ലം വാനിയെ മാറ്റണമെന്നും, ഡെപ്യൂട്ടി മുഖ്യമന്ത്രി സുരീന്ദർ ചൗധരി ഉൾപ്പെടെയുള്ള ചില മന്ത്രിമാരെ നീക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയത്തിൽ എംഎൽഎമാർ ഒപ്പുവെച്ചിട്ടുണ്ട്.
“ഞങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാൻ മുഖ്യമന്ത്രിയെ കാണണം. ഞങ്ങൾ പാർട്ടിക്ക് എതിരല്ല, എന്നാൽ കാര്യങ്ങൾ ഇനിയും പഴയതുപോലെ തുടരാൻ കഴിയില്ല.
മുഖ്യമന്ത്രി ഞങ്ങളെ കേൾക്കുകയും പാർട്ടിയുടെയും സർക്കാരിന്റെയും താല്പര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തുകയും വേണം. പാർട്ടിയും സർക്കാരും ഏതാനും ചില വ്യക്തികളുടെ കുടുംബസ്വത്തായി മാറുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്ന് യോഗത്തിന് ശേഷം എംഎൽഎമാർ വ്യക്തമാക്കി.
നാഷണൽ കോൺഫറൻസ് സർക്കാർ ഉടൻ പതറുമെന്ന തരത്തിലാണ് ബിജെപി നേതാക്കളുടെ പ്രതികരണങ്ങൾ പുറത്തുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

