സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നത് നാശത്തിന് കാരണമാകുമെന്ന തരത്തിലുള്ള പരാമർശങ്ങളെച്ചൊല്ലി കേരളത്തിൽ രാഷ്ട്രീയ വാഗ്വാദങ്ങൾ ശക്തമാകുന്നു. കാന്തപുരം എ.പി.
അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശത്തിനെതിരെ സിപിഎം നേതാവ് പി.കെ. ശ്രീമതി ടീച്ചർ നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത്.
കാന്തപുരത്തിന്റെ പ്രസ്താവന ആർഎസ്എസിന്റെ സ്ത്രീവിരുദ്ധ നിലപാടുകളോട് സാമ്യമുള്ളതാണെന്നായിരുന്നു ശ്രീമതി ടീച്ചറുടെ വിമർശനം. എന്നാൽ, ആർഎസ്എസിനെക്കുറിച്ച് സംസാരിക്കുന്നതിന് മുൻപ് അതിന്റെ ചരിത്രവും നിലപാടുകളും പഠിക്കുന്നത് നന്നായിരിക്കുമെന്ന് ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
കാന്തപുരത്തിന്റെ നിലപാടിനെ തുറന്നെതിർക്കാനുള്ള ആർജവമില്ലാതെ, ആർഎസ്എസിനെ പ്രതിക്കൂട്ടിൽ നിർത്തി രക്ഷപ്പെടാനാണ് പി.കെ. ശ്രീമതി ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.
1936-ൽ സ്ത്രീകൾക്കായി ‘രാഷ്ട്ര സേവികാ സമിതി’ രൂപീകരിച്ചുകൊണ്ട് സാമൂഹിക പങ്കാളിത്തത്തിനും നേതൃത്വത്തിനും എക്കാലത്തും പ്രാധാന്യം നൽകിയ പ്രസ്ഥാനമാണ് ആർഎസ്എസ് എന്ന് ശോഭ സുരേന്ദ്രൻ ഓർമ്മിപ്പിച്ചു. സ്ത്രീകളെ അടുക്കളയ്ക്കുള്ളിൽ തളച്ചിടുകയല്ല, മറിച്ച് സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നേതൃപരമായ പങ്കാളിത്തം ഉറപ്പാക്കുകയാണ് പ്രസ്ഥാനത്തിന്റെ നയമെന്നും അവർ വ്യക്തമാക്കി.
ഇന്ത്യയുടെ രാഷ്ട്രപതി പദവിയിൽ ഒരു വനിതയെത്തിയതും ബിജെപിയിൽ നിരവധി സ്ത്രീകൾ ഉയർന്ന നേതൃസ്ഥാനങ്ങൾ അലങ്കരിക്കുന്നതും ഇതിന്റെ ഉദാഹരണങ്ങളാണെന്നും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

