പ്രമുഖ നടൻ ജയസൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് പാൻ-ഇന്ത്യൻ ചിത്രമായ ‘ഓപ്പറേഷൻ ത്രാൾ’ സിനിമയുടെ പ്രത്യേക മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ താരത്തിന്റെ സ്റ്റൈലിഷും കമാൻഡിങ്ങുമായ ലുക്കിന്റെ സൂചനകൾ നൽകുന്നതാണ് പുതിയ ദൃശ്യവിഭവം.
ചിത്രത്തിൽ ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ ഉദ്യോഗസ്ഥനായാണ് ജയസൂര്യ വേഷമിടുന്നത്. ഗുഡ്വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിച്ച്, രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലറാണ്.
ജമ്മു കശ്മീരിലെ ത്രാളിൽ നടന്ന പ്രകമ്പനം സൃഷ്ടിച്ച കോൺവോയ് ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ദേശീയ സുരക്ഷയും രഹസ്യാന്വേഷണ പ്രവർത്തനങ്ങളും പശ്ചാത്തലമാകുന്ന ചിത്രത്തിൽ അപകടങ്ങളും സങ്കീർണ്ണമായ ഗൂഢാലോചനകളുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ നായകനെ കാത്തിരിക്കുന്നത്.
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മുരളി ശർമ്മ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ, നന്ദലാൽ കൃഷ്ണമൂർത്തി, റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, സിറാജുദ്ദീൻ എന്നിവർക്കൊപ്പം നിരവധി ബോളിവുഡ് താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മുസ്സൂറി, ലഡാക്ക് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം ലോകമെമ്പാടും റിലീസിനെത്തും.
ചിത്രത്തിന്റെ സംഗീതസംവിധാനവും രതീഷ് വേഗ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സുനിമോൾ ജോബി സഹനിർമ്മാതാവായ ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിർവഹിക്കുന്നു.
ഷെഫീഖ് വി.ബി ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ മോഷൻ പോസ്റ്റർ സിനിമാപ്രേമികൾക്കിടയിൽ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

