കേരളത്തിലേക്ക് ഒഴുകിയെത്തുന്ന രാസലഹരിയുടെ പ്രധാന ഉറവിടങ്ങൾ അഫ്ഗാനിസ്ഥാനും തായ്ലൻഡും ആണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവിടങ്ങളിൽ നിന്ന് മയക്കുമരുന്ന് കടത്തി കേരളത്തിൽ വിതരണം ചെയ്തുവരുന്ന നാല് വൻകിട
സംഘങ്ങളെയാണ് കേരള പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊലീസിന്റെ ഇന്റലിജൻസ് വിഭാഗവും കേന്ദ്ര നർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ നിർണായക വിവരങ്ങൾ പുറത്തുവന്നത്.
അഫ്ഗാനിസ്ഥാനിൽ നിന്നും അസംസ്കൃത വസ്തുക്കൾ അയൽരാജ്യത്ത് എത്തിച്ച ശേഷം അവിടെ വെച്ച് എംഡിഎംഎ നിർമ്മിച്ച് ഇന്ത്യയിലേക്ക് കടത്തുന്ന ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം വരും ദിവസങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കും. തായ്ലൻഡിൽ നിന്ന് തെലങ്കാന, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങൾ വഴി രാസലഹരി കേരളത്തിലേക്ക് എത്തിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.
കേസിൽ കേരള പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെ ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ ലഭിച്ചത്. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി ഈ മൂന്ന് സംസ്ഥാനങ്ങളിലേക്കും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും.
മുൻകാലങ്ങളിൽ ബെംഗളൂരു മാത്രമായിരുന്നു കേരളത്തിലേക്ക് ലഹരി എത്തുന്ന പ്രധാന സ്രോതസ്സ് എന്നായിരുന്നു പൊലീസിന്റെ പ്രാരംഭ നിഗമനം. എന്നാൽ മയക്കുമരുന്ന് വാങ്ങാനും വിൽക്കാനുമുള്ള ഒരു ഇടനില കേന്ദ്രം മാത്രമാണ് ബെംഗളൂരു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പുതിയ വിവരം.
നിലവിൽ കേരള പൊലീസിന്റെ കർശന നിരീക്ഷണത്തിലുള്ള ലഹരി മാഫിയ തലവൻമാർ സ്ഥിരമായി രാജ്യാന്തര യാത്രകൾ നടത്തുന്നവരാണെന്ന് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരെ പ്രതിചേർത്ത് അന്താരാഷ്ട്ര പൊലീസിന്റെ (ഇന്റർപോൾ) സഹായം തേടാനാണ് അധികൃതരുടെ നീക്കം.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളെല്ലാം കർശന നിരീക്ഷണത്തിലാണ്. ‘‘ഉറവിടങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളുമായി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ മിടുക്കർ രാജ്യത്തെ പ്രധാന നഗരങ്ങളിലുണ്ട്.
കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. കടൽ വഴി ലഹരിയെത്തുന്ന വിവരങ്ങൾ കിട്ടിയതിനെത്തുടർന്നു കടലിലും നിരീക്ഷണം ശക്തമാക്കി.
ചെറിയ കേസുകളിൽനിന്നു പോലും കിട്ടുന്ന വിവരങ്ങൾ വിശകലനം ചെയ്ത് ഉറവിടത്തിലേക്കു പോകുകയാണ് പൊലീസ്.’’ എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ‘‘ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കു പല മാർഗങ്ങളിലൂടെ ലഹരിവസ്തുക്കൾ എത്തിച്ചിരുന്നവർ ഇപ്പോൾ കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിൽ അവ എത്തിച്ച് ഇരുചക്ര വാഹനങ്ങൾ ഉപയോഗിച്ചു വരെ കടത്താൻ ശ്രമിക്കുന്നു.
ബെംഗളൂരു കേന്ദ്രമാക്കിയ ചില സംഘങ്ങൾ കോയമ്പത്തൂരിലേക്കു പ്രവർത്തനം മാറ്റി’’ എന്ന് എഡിജിപി പി.വിജയൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

