കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ അതിവേഗം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന സാഹസിക ടൂറിസം മേഖലയിലെ പ്രതിസന്ധികളും ആവശ്യങ്ങളും ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി, ടൂറിസം പ്രവർത്തകർ പ്രിയങ്ക ഗാന്ധി എം.പി.യുമായി കൂടിക്കാഴ്ച നടത്തി. കക്കാടംപൊയിലിൽ വെച്ചായിരുന്നു ഈ പ്രത്യേക സംവാദം സംഘടിപ്പിച്ചത്.
വൈറ്റ് വാട്ടർ കയാക്കിങ്, ഓഫ് റോഡ് റൈഡ്, പാരാഗ്ലൈഡിംഗ്, വാട്ടർ തീം പാർക്ക് തുടങ്ങിയ വിവിധ സാഹസിക വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് തങ്ങൾ നേരിടുന്ന പ്രതിസന്ധികളും ന്യായമായ ആവശ്യങ്ങളും എം.പിയുമായി പങ്കുവെച്ചത്. കക്കാടംപൊയിൽ കുരിശുമല ട്രക്കിങ് കേന്ദ്രത്തിലെ ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാർ അനുഭവിക്കുന്ന പ്രയാസങ്ങളും, കുരിശുമല ടൂറിസ്റ്റ് കേന്ദ്രത്തിന്റെ സമഗ്ര വികസനവും ചർച്ചകളിൽ പ്രധാന വിഷയമായി മാറി.
പുലിക്കയം അന്താരാഷ്ട്ര കയാക്കിങ് സെന്ററിലേക്ക് ആവശ്യമായ കയാക്കിങ് ബോട്ടുകൾ, റിവർ റഫ്റ്റിങ് ബോട്ടുകൾ എന്നിവയും അനുബന്ധ ഉപകരണങ്ങളും അനുവദിക്കണമെന്ന് യോഗത്തിൽ ശക്തമായ ആവശ്യം ഉയർന്നു. കൂടാതെ, ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും സ്ഥിരമായി ഉപയോഗപ്പെടുത്തുന്നതിനായി കയാക്കിങ് ഡൈവിങ് റാംമ്പുകൾ നിർമ്മിക്കണമെന്നും ടൂറിസം പ്രവർത്തകർ അഭ്യർത്ഥിച്ചു.
വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും ഓഫ് റോഡ് റൈഡിങ്ങിനായി അനുമതി ലഭിക്കുന്നതിലെ കാലതാമസവും, റോഡ് ട്രാൻസ്പോർട്ട് വകുപ്പിന്റെ കർശന നിയന്ത്രണങ്ങൾ മൂലം മേഖലയിലുള്ളവർ നേരിടുന്ന ബുദ്ധിമുട്ടുകളും എം.പിയെ ധരിപ്പിച്ചു. ഇതിനുപുറമെ, തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നും വനത്തിലൂടെ വയനാട് വൈത്തിരിയിലേക്കും മേപ്പാടി തൊള്ളായിരം കണ്ടിയിലേക്കും ട്രക്കിങ് പുനരാരംഭിക്കണമെന്നും, കോടഞ്ചേരി തേവർമലയിൽ വിനോദസഞ്ചാരികൾക്കായി വാച്ച് ടവർ നിർമ്മിക്കണമെന്നുമുള്ള നിർദ്ദേശങ്ങളും പ്രിയങ്ക ഗാന്ധിക്ക് മുന്നിൽ സമർപ്പിച്ചു.
ചർച്ചയിൽ പ്രിയങ്ക ഗാന്ധി എം.പി.യോടൊപ്പം റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ, സി.കെ.
കാസിം എം.എൽ.എ, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ എന്നിവരും വിവിധ അഡ്വഞ്ചർ ടൂറിസം പ്രതിനിധികളും സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

