കാസർകോട് ജില്ലയുടെ കായിക മുന്നേറ്റ ലക്ഷ്യമിട്ട് നിർമിച്ച തൃക്കരിപ്പൂരിലെ നടക്കാവ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം കഴിഞ്ഞ് 6 മാസം പിന്നിട്ടിട്ടും പരിശീലനത്തിനായി തുറന്നുനൽകാത്തത് കായിക ലോകത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സ്റ്റേഡിയം എത്രയും വേഗം തുറന്നു നൽകണമെന്നും, തൊട്ടടുത്തുള്ള രാജീവ് ഗാന്ധി സ്മാരക സിന്തറ്റിക് ഫുട്ബോൾ സ്റ്റേഡിയം നേരിടുന്ന അപാകതകൾ ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ കായിക സംഘടനകൾ സമരത്തിനൊരുങ്ങുകയാണ്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 29.32 കോടി രൂപ ചെലവഴിച്ചാണ് എംആർസി കൃഷ്ണൻ സ്മാരക മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാക്കിയത്. കഴിഞ്ഞ ഫെബ്രുവരി 8ന് ആയിരുന്നു ഈ സമുച്ചയത്തിന്റെ ഉദ്ഘാടനം നടന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അതീവ തിരക്കിട്ട് നടത്തിയ ഉദ്ഘാടന വേളയിൽ ചില ചെറിയ പ്രവൃത്തികൾ ബാക്കിയുണ്ടായിരുന്നു. പിന്നീട് അവ പൂർത്തീകരിച്ചെങ്കിലും, കായികതാരങ്ങൾക്ക് പ്രവേശനം അനുവദിക്കാത്തതിനുള്ള കൃത്യമായ കാരണം ഇനിയും വ്യക്തമായിട്ടില്ല.
ഒന്നാം പിണറായി സർക്കാരിന്റെ ഭരണകാലത്താണ് സംസ്ഥാനത്തെ 14 ജില്ലകളിലും ഓരോ ഇൻഡോർ സ്റ്റേഡിയങ്ങൾ അനുവദിക്കുന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. ഇതിൽ കാസർകോട് ജില്ലയ്ക്കായി അനുവദിച്ച പദ്ധതിയാണ് തൃക്കരിപ്പൂരിൽ നിലവിൽ വന്നിട്ടുള്ളത്.
തൃക്കരിപ്പൂർ പഞ്ചായത്ത് സൗജന്യമായി വിട്ടുനൽകിയ 10 ഏക്കർ ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ സമുച്ചയം പണികഴിപ്പിച്ചിരിക്കുന്നത്. ബാഡ്മിന്റൻ, ബാസ്കറ്റ് ബോൾ, വോളിബോൾ, ടേബിൾ ടെന്നിസ് തുടങ്ങിയ വിവിധ കായിക ഇനങ്ങളുടെ പരിശീലനത്തിനും ഒപ്പം വലിയ ചാംപ്യൻഷിപ്പുകൾ സംഘടിപ്പിക്കാനും ഇവിടെ ഉചിതമായ സൗകര്യങ്ങളുണ്ട്.
കൂടാതെ കബഡിക്കായുള്ള പ്രത്യേക കോർട്ടും ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ പ്രഥമ സെമി ഒളിംപിക്സ് നീന്തൽക്കുളവും ഇതിന്റെ ഭാഗമാണ്.
മത്സരങ്ങൾക്ക് പുറമെ നീന്തൽ പരിശീലനം, വാട്ടർ പോളോ, കനോയ് പോളോ, അണ്ടർ വാട്ടർ ഹോക്കി, അണ്ടർ വാട്ടർ റഗ്ബി, ഫിൻസ് നീന്തൽ, സ്പോർട്സ് ഡൈവിങ് എന്നിവയ്ക്കൊപ്പം ജീവൻരക്ഷാ പ്രവർത്തന പരിശീലനത്തിനും ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും. ഇതിനുപുറമെ 400 മീറ്റർ ഫ്ലഡ്ലിറ്റ് ട്രാക്കും ആയിരക്കണക്കിന് കാണികൾക്ക് ഒരേസമയം ഇരുന്ന് മത്സരം വീക്ഷിക്കാനുള്ള ഗാലറി സൗകര്യവും ഇവിടെയുണ്ട്.
ഇത്രയും മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടും കായിക താരങ്ങൾക്ക് ഇത് പ്രയോജനപ്പെടുത്താൻ കഴിയാത്തത് കടുത്ത നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്തെങ്കിലും ജോലികൾ ബാക്കിയുണ്ടെങ്കിൽ അവ എത്രയും വേഗം തീർത്ത്, സർക്കാർ മേൽനോട്ടത്തിൽ സ്പോർട്സ് പ്രഫഷനൽ മാനേജ്മെന്റിന്റെ കീഴിൽ സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ഉറപ്പാക്കി ഉടൻ തുറന്നു കൊടുക്കണമെന്നാണ് പ്രധാന ആവശ്യം.
ഇതോടൊപ്പം ചേർന്നു കിടക്കുന്നതും ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ളതുമായ സിന്തറ്റിക് ഫുട്ബോൾ സ്റ്റേഡിയം ഇപ്പോൾ പൂർണ്ണമായ തകർച്ചയുടെ വക്കിലാണ്. കൃത്രിമ പുൽത്തകിടി പല ഭാഗങ്ങളിലും കീറിപ്പറിഞ്ഞ നിലയിലാണ്.
ജില്ലാ, സംസ്ഥാന തലത്തിലുള്ള ചാംപ്യൻഷിപ്പുകളും പരിശീലനങ്ങളും നടക്കുന്ന വേദിയാണിത്. തകർന്നുകിടക്കുന്ന പുൽത്തകിടിയിൽ കാൽ കുടുങ്ങി ഫുട്ബോൾ താരങ്ങൾ മറിഞ്ഞുവീണ് പരിക്കേൽക്കുന്ന സംഭവങ്ങളും പതിവാണ്.
സാധാരണയായി കൃത്രിമ പുൽത്തകിടി മാറ്റിസ്ഥാപിക്കേണ്ട കാലാവധി എപ്പോഴേ കഴിഞ്ഞിരിക്കുന്നു.
പുല്ലിന്റെ നിറം മാറി കറുപ്പ് നിറത്തിലേക്ക് വഴിമാറിയിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ സുരക്ഷാവേലിയും പലയിടത്തും തകർന്നിട്ടുണ്ട്.
പ്രവേശന കവാടത്തോട് ചേർന്നുനിൽക്കുന്നതും സെവൻസ് ഫുട്ബോൾ മത്സരങ്ങൾക്ക് അനുയോജ്യവുമായ ഈ സ്റ്റേഡിയം വനിതാ ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെയുള്ളവർ നിത്യേന പരിശീലനത്തിനായി ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഈ ഫുട്ബോൾ സ്റ്റേഡിയം മെച്ചപ്പെടുത്തുന്നതിനും പ്രത്യേക പദ്ധതികൾ നടപ്പിലാക്കണമെന്ന് താരങ്ങൾ ആവശ്യപ്പെടുന്നു.
ജില്ലയുടെ കായിക വളർച്ച ലക്ഷ്യമിട്ട് കോടികൾ മുടക്കി നിർമിച്ച ഈ പദ്ധതികൾ അധികാരികളുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധ കാരണം ലക്ഷ്യം കാണാതെ പോകരുതെന്നാണ് കായിക സംഘടനകളുടെയും സംഘാടകരുടെയും താക്കീത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

