മൂന്നര പതിറ്റാണ്ടിലേറെക്കാലം തന്റെ മുഖത്ത് ബോംബ് സ്ഫോടനത്തിന്റെ അവശിഷ്ടവുമായി ജീവിച്ച ഗുജറാത്ത് സ്വദേശിക്ക് ഒടുവിൽ മോചനം. 1993 മാർച്ച് 12നു മുംബൈ വർളിയിലെ പാസ്പോർട്ട് ഓഫിസിന് എതിർവശത്തുണ്ടായ സ്ഫോടനത്തിലാണ് സുധീർ തുക്കാറാം മോഹിതെയ്ക്ക് (57) പരുക്കേറ്റത്.
അന്ന് പരുക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇദ്ദേഹം ആശുപത്രി വിടുകയായിരുന്നു. ചുണ്ടിനു സമീപം ചെറിയൊരു തടിപ്പ് ഉണ്ടായിരുന്നുവെങ്കിലും അത് ആരും ഗൗരവമായി എടുത്തിരുന്നില്ല.
തന്റെ മുഖത്ത് ബോംബിന്റെ ലോഹച്ചില്ല് അവശേഷിക്കുന്നുണ്ടെന്ന കാര്യം ഇദ്ദേഹവും അറിഞ്ഞിരുന്നില്ല. എന്നാൽ ഈയിടെ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
ആശുപത്രിയിൽ വെച്ച് എംആർഐ സ്കാനിങ് നടത്തുന്നതിന് ഈ ലോഹക്കഷണം തടസ്സമായി മാറി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് 6 മില്ലിമീറ്റർ വലുപ്പമുള്ള ലോഹഭാഗം മുഖത്ത് കുടുങ്ങിക്കിടപ്പുണ്ടെന്ന് കണ്ടെത്തിയത്.
തുടർന്ന് നടത്തിയ വിജയകരമായ ശസ്ത്രക്രിയയിലൂടെ ഈ ലോഹക്കഷണം ഡോക്ടർമാർ പുറത്തെടുത്തു. 1993ൽ മുംബൈയിൽ നടന്ന ഭീകരവാദ സ്ഫോടന പരമ്പരയിൽ 257 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
നൂറുകണക്കിനു ആളുകൾക്ക് അന്ന് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

