ഉൽപാദനം ആരംഭിക്കുന്നതിന് മുൻപ് തന്നെ തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കുക എന്നത് ഏതൊരു വ്യവസായ സംരംഭത്തിനും സ്വപ്നതുല്യമായ നേട്ടമാണ്. ഗുജറാത്തിലെ സനന്ദിൽ 80 കോടി ഡോളർ നിക്ഷേപത്തിൽ ആരംഭിക്കുന്ന മൈക്രോൺ ടെക്നോളജിയുടെ പുതിയ ഫാക്ടറിയിൽ നിർമിക്കാനിരിക്കുന്ന ചിപ്പുകൾക്ക് ഇപ്പോഴേ വൻ ഡിമാൻഡാണ് വിപണിയിലുള്ളത്.
സാങ്കേതിക വിപണിയിലെ റിപ്പോർട്ടുകൾ പ്രകാരം, കമ്പനി ഉൽപാദിപ്പിക്കാൻ ഉദ്ദേശിക്കുന്ന മുഴുവൻ ചിപ്പുകളും ഇതിനകം തന്നെ വിറ്റഴിഞ്ഞു കഴിഞ്ഞു. നിർമിത ബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ആഗോള ഭീമനായ എൻവിഡിയ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ മൈക്രോൺ ചിപ്പുകൾക്കായി കാത്തുനിൽക്കുകയാണ്.
ഈ സാഹചര്യത്തിൽ വോൾസ്ട്രീറ്റിൽ കമ്പനിയുടെ ഓഹരികൾ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒരു ട്രില്യൻ ഡോളർ വിപണി മൂല്യമുള്ള കമ്പനിയായി മൈക്രോൺ മാറി.
2026-ൽ മാത്രം കമ്പനിയുടെ ഓഹരികളിൽ 180 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയത്. ഇതിൽ 70 ശതമാനം വളർച്ചയും മേയ് മാസത്തിൽ മാത്രമാണ് ഉണ്ടായത്.
ഉത്തർപ്രദേശിലെ കാൺപുരിൽ നിന്ന് യുഎസിലേക്ക് ചേക്കേറിയ സഞ്ജയ് മഹറോത്ത് എന്ന എൻജിനീയറുടെ ദീർഘവീക്ഷണമാണ് ഈ വിജയത്തിന് പിന്നിൽ. 2017-ൽ ഏകദേശം 2,000 കോടി ഡോളർ വിറ്റുവരവുണ്ടായിരുന്ന ഈ കമ്പനിയെ, സാംസങ് ഇലക്ട്രോണിക്സ്, എസ്കെ ഹൈനിക്സ് തുടങ്ങിയ ആഗോള ഭീമൻമാരോട് മത്സരിച്ചാണ് മഹറോത്ത് ഇന്ന് കാണുന്ന നിലയിലേക്ക് ഉയർത്തിയത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ഉന്നത ഭരണാധികാരികൾക്ക് കമ്പനിയിൽ നിക്ഷേപമുണ്ട്. കമ്പനിയുടെ ഓഹരികളെ ‘ഹോട്ടസ്റ്റ് സ്റ്റോക്ക്’ എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്.
യുഎസ് വിപണിയിൽ ചൈനീസ് ചിപ്പുകളുടെ കടന്നുകയറ്റത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ മൈക്രോൺ ടെക്നോളജിക്ക് സാധിക്കുന്നുണ്ട് എന്നത് ഭരണകൂടത്തിന്റെ പിന്തുണ ലഭിക്കുന്നതിനും കാരണമാകുന്നു. നിലവിൽ മൈക്രോസോഫ്റ്റ്, അൽഫബെറ്റ് എന്നിവയ്ക്കൊപ്പം അമേരിക്കയിലെ പ്രബലരായ ടെക് കമ്പനികളുടെ പട്ടികയിൽ മൈക്രോൺ ടെക്നോളജി ഇടംപിടിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

