തിരുവനന്തപുരം നഗരത്തിൽ ശനിയാഴ്ച ഉച്ചയോടെ പെയ്ത ശക്തമായ മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഈ സാഹചര്യത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ വി വി രാജേഷ് രംഗത്തെത്തി.
വെള്ളക്കെട്ടിനെ നേരിടാൻ നഗരസഭ സ്വീകരിച്ച നടപടികൾ പരാജയപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നഗരസഭയുടെ പരിധിയിലുള്ള 101 വാർഡുകളിലെയും ഓടകൾ കൃത്യമായി വൃത്തിയാക്കിയിട്ടുണ്ടെന്ന് മേയർ അറിയിച്ചു.
“നാല് നാലര മാസം കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്തിട്ടുണ്ട്. കോർപ്പറേഷന്റെ പരിധിയിലുള്ള 101 വാർഡിലും എല്ലാ ഓടകളും വൃത്തിയാക്കിയെന്നും” മേയർ പറഞ്ഞു.
നഗരത്തിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ടിന് കാരണമാകുന്ന ജലം കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഓടകളിൽ നിന്നല്ല വരുന്നത് എന്നും അദ്ദേഹം അവകാശപ്പെട്ടു. നഗരസഭയുടെ ഇടപെടലുകൾ മാത്രമായി പരിഹാരത്തിന് പര്യാപ്തമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, നഗരത്തിലെ പ്രധാന ഇടങ്ങളായ കിഴക്കേക്കോട്ട ബസ് സ്റ്റാൻഡ്, പഴവങ്ങാടി റോഡ്, തമ്പാനൂർ, ചാക്ക എന്നിവിടങ്ങളിൽ കനത്ത വെള്ളക്കെട്ട് ജനജീവിതത്തെ സാരമായി ബാധിച്ചു.
ആമയിഴഞ്ചാൻ തോടിന്റെ കൈവഴികൾ നിറഞ്ഞൊഴുകിയതും, ഓടകളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയതും പ്രശ്നത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിൽ വെള്ളം മുട്ടിന് മുകളിലായതോടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി.
ചെറിയൊരു മഴയിൽ പോലും നഗരം വെള്ളത്തിനടിയിലാകുന്ന സാഹചര്യം പതിവായി മാറിയിരിക്കുകയാണ്. കാലവർഷം വരാനിരിക്കെ, ശാശ്വത പരിഹാരം കാണാത്ത പക്ഷം സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന ആശങ്കയിലാണ് തലസ്ഥാന നിവാസികൾ.
മുൻകൂട്ടി നടത്തിയ പണികൾ കാര്യക്ഷമമായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോൾ പൊതുജനങ്ങളിൽ നിന്നും ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

