തിരുവനന്തപുരം ജില്ലയിലെ പനവൂരിൽ ഒന്നരവയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അമ്മയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. പനവൂർ കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാർക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് മരിച്ചത്.
സംഭവത്തിൽ അഖിലയെയും ഒപ്പം താമസിക്കുന്ന സുഹൃത്ത് അഷ്കറിനെയും നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കുഞ്ഞിന്റെ ശരീരത്തിൽ മരണകാരണമായ മർദ്ദനമേറ്റ പാടുകൾ ഉൾപ്പെടെ 51 മുറിവുകളാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അവശനിലയിലായ കുഞ്ഞിനെ അഷ്കർ ആദ്യം പനവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുഞ്ഞ് ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നപ്പോൾ ചുമയ്ക്കുകയും ഛർദ്ദിക്കുകയും ചെയ്തുവെന്നാണ് അഷ്കർ പോലീസിന് നൽകിയ മൊഴി. സംഭവസമയത്ത് അഖില നൃത്തപരിപാടിക്കായി തമിഴ്നാട്ടിലായിരുന്നു.
രണ്ടു വർഷം മുൻപ് ഭർത്താവ് എസ്. അഖിൽ ആത്മഹത്യ ചെയ്തതിനുശേഷം അഖില ഡ്രൈവറായ അഷ്കറിനൊപ്പം താമസം തുടങ്ങുകയായിരുന്നു.
എട്ടുമാസം മുൻപാണ് ഇവർ കരിക്കുഴിയിലേക്ക് താമസം മാറിയത്. കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് എസ്.
അഖിലിന്റെ പിതാവ് എസ്. സുനിൽ കുമാർ രംഗത്തെത്തിയിരുന്നു.
കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് നെടുമങ്ങാട് ഡിവൈഎസ്പി കെ. ബൈജുകുമാർ വ്യക്തമാക്കി.
ക്രൂരമായ മർദ്ദനം സ്ഥിരീകരിച്ചു
കുഞ്ഞിനെ അഷ്കർ സ്ഥിരമായി ഉപദ്രവിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. ശരീരത്തിലെ 51 മുറിവുകളിൽ പലതും പഴയതാണ്.
കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ മുറിവുകളും, കാൽപാദങ്ങളിലും വിരലുകളിലും പൊള്ളലേറ്റതിന് സമാനമായ പാടുകളും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ കുഞ്ഞിന്റെ കൈ ഒടിഞ്ഞ സംഭവം സൈക്കിളിൽ നിന്ന് വീണതാണെന്നാണ് അഷ്കർ നാട്ടുകാരോട് പറഞ്ഞിരുന്നത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

