പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്ന ഭാര്യക്ക് ഭക്ഷണം വാങ്ങി നല്കിയ ശേഷം രാത്രി വീട്ടിലേക്കു മടങ്ങുമ്പോഴാണു തനിക്കു നേരെ ക്രൂരമായ ആക്രമണമുണ്ടായതെന്ന് മണ്‍വിളയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ വെട്ടേറ്റ പ്രദീപ്. കയ്യിലും നെഞ്ചിലും വയറിലും മുതുകിലുമായി വെട്ടേറ്റ പ്രദീപ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
‘‘വീടിന് 500 മീറ്റര്‍ അടുത്തെത്തിയപ്പോഴാണു മൂന്നുപേര്‍ റോഡിനു നടുവില്‍ നില്ക്കുന്നതു കണ്ടത്. അവര്‍ കാര്‍ തടഞ്ഞുനിര്‍ത്തി പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു.
കാറില്‍നിന്ന് ഇറങ്ങിയപ്പോള്‍ പരസ്പരം വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ ഒരാള്‍ വാളെടുത്ത് വെട്ടുകയായിരുന്നു’’– പ്രദീപ് പറഞ്ഞു.
‘‘കൂടെയുണ്ടായിരുന്ന ആള് പിടിച്ചുനിര്‍ത്തിക്കൊടുത്തു. മൂന്നുപേര്‍ ഉണ്ടായിരുന്നതിനാല്‍ രൂക്ഷമായ ആക്രമണമാണു നേരിട്ടത്.
അതിനിടയില്‍ അവരെ ഒരുവിധത്തില്‍ തട്ടിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. അടുത്തുള്ള ക്ഷേത്രത്തിലെത്തി അവിടെനിന്നാണ് പൊലീസിനെയും ഒരു സുഹൃത്തിനെയും വിളിച്ചു വിവരം പറഞ്ഞത്.
സുഹൃത്ത് എത്തിയ ശേഷമാണ് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പോയത്. തിരിച്ചു വീട്ടിലേക്കു പോകുമ്പോഴാണ് എന്റെ കാര്‍ പൂര്‍ണമായി കത്തിച്ചത് കണ്ടത്.
ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ ജീവിക്കുന്ന എന്നെ ഒരു പരിചയവുമില്ലാത്ത ആളുകള്‍ അപ്രതീക്ഷിതമായാണ് ഇത്തരത്തില്‍ ക്രൂരമായി ഉപദ്രവിച്ചിരിക്കുന്നത്. അക്രമികള്‍ ആരായിരുന്നാലും അവരെ കണ്ടെത്തി ശിക്ഷിക്കണം’’ – പ്രദീപ് വ്യക്തമാക്കി.
അതേസമയം, പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരാണ് അക്രമികള്‍ എന്നാണു കരുതുന്നതെന്നു മാരായമുട്ടം പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം സ്ഥലത്തുനിന്നു മുങ്ങിയ മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
രാത്രി മദ്യപിക്കുന്നതിനിടെ അതു ചോദ്യം ചെയ്തതാവാം പ്രകോപനത്തിനു കാരണമെന്നാണു പൊലീസ് കരുതുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നെയ്യാറ്റിന്‍കര കൊല്ലയില്‍ കൊടവിളാകത്തു വച്ച് ആക്രമണം ഉണ്ടായത്.
വീട്ടിലേക്കു വരികയായിരുന്ന പ്രദീപ്, നടുറോഡില്നിന്നവരോട് മാറാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. പ്രദീപിന്റെ കയ്യിലും നെഞ്ചിലും വയറിലും മുതുകിലുമായി 12 മുറിവുകളുണ്ട്.
ഇതിനു ശേഷമാണ് പ്രദീപ് സഞ്ചരിച്ച കാര്‍ അക്രമികള്‍ കത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

