ഒരുകാലത്ത് നിസ്സഹായത മാത്രം ബാക്കിയുണ്ടായിരുന്ന മൂന്ന് മുഖങ്ങളിൽ ഇപ്പോൾ പുഞ്ചിരി വിരിയുകയാണ്. ജീവിതത്തിന്റെ ദുരിതക്കയത്തിൽപ്പെട്ട് എല്ലാറ്റിനോടും പുറംതിരിഞ്ഞുനിന്ന അമ്മയും രണ്ട് മക്കളും ഇപ്പോൾ ആശുപത്രിയിൽ കൂടെയുള്ളവരോട് സ്നേഹത്തോടെ സംസാരിക്കുന്നു.
ചോദിക്കുന്ന എല്ലാ കാര്യങ്ങൾക്കും വ്യക്തമായി മറുപടി നൽകുന്നുണ്ട്. മനുഷ്യരെ ചേർത്തുപിടിക്കാൻ മനസ്സുള്ളവർ ഒപ്പമുണ്ടെങ്കിൽ ജീവിതം തിരികെപ്പിടിക്കാമെന്നതിന്റെ നേർക്കാഴ്ചയാവുകയാണ് കൂവോട്ടെ ഉഷയും രണ്ട് ആൺമക്കളും.
ജീവൻ നിലനിർത്താൻ വേണ്ടിമാത്രം വീടിന്റെ ജനലുകളും വാതിലുകളുംവരെ വിൽക്കേണ്ടിവന്ന അതിദാരിദ്ര്യത്തിലേക്ക് വീണ ഈ കുടുംബത്തിന്റെ അവസ്ഥ സർക്കാർ തലത്തിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ഇവിടെ വിദഗ്ധ ചികിത്സയ്ക്ക് വിധേയരായ ഉഷയും മക്കളും ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണ്. 23ന് പ്രസിദ്ധീകരിച്ച ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
തുടർന്ന് കുടുംബത്തിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകിയിരുന്നു.
ടി.കെ.ഗോവിന്ദൻ എംഎൽഎ, കലക്ടർ പി.വിഷ്ണുരാജ്, നഗരസഭാധ്യക്ഷൻ കെ. സുബൈർ, തഹസിൽദാർ കെ.സുനിത എന്നിവർ ഉഷയും മക്കളും താമസിക്കുന്ന തളിപ്പറമ്പ് കൂവോട് വീട്ടിലെത്തി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി.
തുടർന്ന് നാട്ടുകാരുടെ പൂർണ്ണ സഹകരണത്തോടെയാണ് ഇവരെ ചികിത്സയ്ക്കായി പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
പരിയാരം ഗവ.മെഡിക്കൽ കോളജിൽ ചികിത്സയുടെ 7 ദിവസം പിന്നിടുമ്പോൾ ഉഷയും രണ്ടു മക്കളും ജീവിതത്തിലേക്ക് തിരികെനടക്കുന്നതിന്റെ ആശ്വാസകരമായ സൂചനകളാണ് നൽകുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.ടി.മാധവൻ വ്യക്തമാക്കി. ജനറൽ മെഡിസിൻ, ന്യൂറോ മെഡിസിൻ, മാനസികാരോഗ്യം തുടങ്ങിയ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് ഇവർക്ക് ചികിത്സ നൽകിവരുന്നത്.
ആശുപത്രിയിലെത്തിയ ആദ്യ ദിവസങ്ങളിൽ ഭക്ഷണവും മരുന്നും കഴിക്കാൻ കൂട്ടാക്കാതിരുന്ന ഇവർ ഇപ്പോൾ കൃത്യമായി മരുന്നും ഭക്ഷണവും സ്വീകരിക്കുന്നുണ്ട്. സ്വന്തമായി കുളിക്കാനും വസ്ത്രങ്ങൾ അലക്കാനുമുള്ള മടി ഇപ്പോൾ ഇവർക്കില്ല.
ആരോഗ്യപ്രവർത്തകരോടും കാണാനെത്തുന്ന സന്ദർശകരോടും സൗഹൃദത്തോടെ സംസാരിക്കാനും പുഞ്ചിരിക്കാനും ഇവർ തയാറാകുന്നുണ്ട്. ആദ്യഘട്ടത്തിൽ യാതൊരുവിധ ചികിത്സയോടും സഹകരിക്കാത്ത മാനസികാവസ്ഥയിലായിരുന്നു കുടുംബം.
എന്നാൽ നിലവിൽ എല്ലാവിധ ചികിത്സയ്ക്കും ഇവർ പൂർണ്ണമായി വിധേയപ്പെടുന്നുണ്ട്. കടലാസ് നൽകിയാൽ സ്വന്തം പേര് എഴുതാനും ചെറിയ ചിത്രങ്ങൾ വരയ്ക്കാനും ഇവർ ശ്രമിക്കുന്നുണ്ടെന്നും, ഇത് ഇവരുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന്റെയും ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെയും പ്രകടമായ ലക്ഷണമാണെന്നും കൗൺസലിങ് നൽകുന്ന ആരോഗ്യപ്രവർത്തകർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

