സംസ്ഥാനത്ത് റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് ആകെ 6,939 കേസുകൾ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 20 മുതൽ 27 വരെ സംസ്ഥാനവ്യാപകമായി നടത്തിയ ‘ഡ്രൈവ് സോബർ –സ്റ്റേ എലൈവ്’ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ഈ നടപടി.
നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 2,034 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ആകെ 1,50,621 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം റൂറലിലാണ് (678). കൊല്ലം സിറ്റിയിൽ 619, തിരുവനന്തപുരം റൂറലിൽ 585, പാലക്കാട് 584, കോട്ടയത്ത് 528 എന്നിങ്ങനെയാണ് മറ്റ് പ്രധാന കണക്കുകൾ.
അതേസമയം, ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിന് ഏറ്റവും കൂടുതൽ ശുപാർശകൾ നൽകിയിട്ടുള്ളത് കോട്ടയം ജില്ലയിലാണ് (507). കൊല്ലം സിറ്റിയിൽ 390, ആലപ്പുഴയിൽ 244, തൃശൂർ സിറ്റിയിൽ 148, കോഴിക്കോട് റൂറലിൽ 142 എന്നിങ്ങനെയാണ് ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്ത മറ്റ് കണക്കുകൾ.
മദ്യപിച്ചുള്ള ഡ്രൈവിംഗ് മൂലം റോഡുകളിൽ ഉണ്ടാകുന്ന അപകടങ്ങളും ജീവനഷ്ടങ്ങളും ഒഴിവാക്കുക, ജനങ്ങളിൽ ഉത്തരവാദിത്തബോധം വളർത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഒരാഴ്ച നീണ്ടുനിന്ന ഈ പ്രത്യേക പരിശോധനയും ബോധവത്കരണവും സംഘടിപ്പിച്ചത്. നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി വരുന്ന ദിവസങ്ങളിലും ഹൈവേ പട്രോൾ യൂണിറ്റുകളുടെയും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും കർശന പരിശോധനകൾ തുടരുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഇൻസ്പെക്ടർ ജനറലിന്റെ മേൽനോട്ടത്തിൽ ജില്ലാ പൊലീസ് മേധാവിമാർ, ട്രാഫിക് സോണൽ എസ്.പിമാർ, എൻഫോഴ്സ്മെന്റ് വിഭാഗം എന്നിവരുടെ ഏകോപനത്തോടെയാണ് ഈ സുരക്ഷാ യജ്ഞം നടപ്പിലാക്കിയത്. പൊതുജനങ്ങൾക്കിടയിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ‘ശുഭയാത്ര’ വാട്സ്ആപ്പ് നമ്പർ (9747001099) വഴി വിവരം അറിയിക്കാവുന്നതാണ്.
നിയമലംഘനത്തിന്റെ ദൃശ്യങ്ങളോ ശബ്ദരേഖയോടൊപ്പം ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പർ എന്നിവയും സന്ദേശത്തോടൊപ്പം അയക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

