സമൂഹമധ്യത്തിൽ കുഞ്ഞുങ്ങൾ അപമാനിതരാകുന്നതിനെ ഒരു കാരണവശാലും നിസ്സാരവൽക്കരിക്കരുത് എന്ന് കൗൺസലിങ് സൈക്കോളജിസ്റ്റ് വിജിത പ്രേംസുന്ദർ. കുട്ടികളുടെ മാനസികാരോഗ്യം സമൂഹത്തിന്റെ വലിയ ഉത്തരവാദിത്തമാണെന്നു നാം എന്നു തിരിച്ചറിയുമെന്ന ചോദ്യവുമായി, തന്റെ മകൾക്ക് ബസിൽ നേരിടേണ്ടിവന്ന ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കുന്നത്.
ബസിൽ കയറാൻ നിന്ന കുട്ടികളെയെല്ലാം കയറ്റിയ ശേഷം, തന്നോട് ‘അടുത്ത ബസിൽ പോയാൽ മതി’ എന്നു ബസ് കണ്ടക്ടർ ആക്രോശിച്ചതായി മകൾ വന്നു പറഞ്ഞപ്പോൾ, വിദ്യാർഥികളുടെ അവകാശത്തെക്കുറിച്ചു ജീവനക്കാർക്കുള്ള അജ്ഞത അറിയാവുന്നതുകൊണ്ടു പുതുമ തോന്നിയില്ല. ‘‘ഞാൻ മാത്രമല്ലേയുള്ളൂ ചേട്ടാ, എന്നെക്കൂടി കയറ്റണം’’ എന്ന് അപേക്ഷിച്ച മോളെ, വാതിൽക്കൽ തടഞ്ഞുനിർത്തി കയറാൻ അനുവദിക്കാതെ, തൊട്ടുപിന്നാലെ വന്ന രണ്ടു മുതിർന്ന യാത്രക്കാരെ മാത്രം കയറ്റി ബസ് വിടുകയാണ് ഉണ്ടായത്.
അന്നേദിവസം കരഞ്ഞുകലങ്ങിയ കണ്ണുകളോടെയാണു മോൾ വീട്ടിലെത്തിയത്. ഭക്ഷണം കഴിക്കാതെ, ആരോടും മിണ്ടാതെ ദിവസങ്ങളോളം അവൾ വലിയ മാനസിക വിഷമത്തിലായിരുന്നു.
തുടർന്നു ഞങ്ങൾ മോട്ടർ വാഹന വകുപ്പിനെ വിവരമറിയിക്കുകയും ബസുടമയെയും കണ്ടക്ടറെയും വിളിച്ചുവരുത്തി താക്കീതു നൽകുകയും മാപ്പപേക്ഷ എഴുതിവാങ്ങുകയും ചെയ്തു. പരിശോധനയിൽ ഈ കണ്ടക്ടർക്കു ലൈസൻസ് പോലും ഇല്ല എന്നു വ്യക്തമായി.
എന്നാൽ, അധികാരികളുടെ മുന്നിൽവച്ചു നൽകുന്ന മാപ്പപേക്ഷകൾ പ്രഹസനമാണെന്നു തെളിയിക്കുന്നതായിരുന്നു തൊട്ടടുത്ത ദിവസത്തെ സംഭവം. അതേ കണ്ടക്ടർ വീണ്ടും കുട്ടികളോടു ക്രൂരത ആവർത്തിക്കുന്നതു കണ്ടു.
ബസിൽ ഒഴിവുണ്ടായിട്ടും കുട്ടികളെ കയറ്റാതെ മാറിനിൽക്കാൻ ആക്രോശിച്ചു. സ്റ്റാൻഡിന്റെ എക്സിറ്റ് ഭാഗത്തു നിൽക്കുകയായിരുന്ന ആൺകുട്ടി ബസിലേക്ക് കയറിയപ്പോൾ, കണ്ടക്ടർ ഓടിവന്ന് അവനെ ബലമായി പിടിച്ചു താഴേക്കു തള്ളിയിറക്കി.
സഹപാഠികളുടെയും സ്റ്റാൻഡിലുണ്ടായിരുന്ന നൂറുകണക്കിന് ആളുകളുടെയും മുന്നിൽ അപമാനിതനായ ആ കുട്ടിയുടെ കണ്ണുകളിൽ കണ്ട നിസ്സഹായാവസ്ഥയും സങ്കടവും ആരുടെയും മനസ്സ് അലിയിക്കുന്നതായിരുന്നു.
പഠനത്തിന്റെ സമ്മർദങ്ങൾ കഴിഞ്ഞു ക്ഷീണിതരായി വീടുകളിലേക്കു മടങ്ങുന്നവരാണു കുഞ്ഞുങ്ങൾ. പൊതുസമൂഹത്തിനു മുന്നിൽവച്ച് അതിരൂക്ഷമായി ആക്ഷേപിക്കപ്പെടുമ്പോൾ കുട്ടികളിൽ ഉണ്ടാകുന്ന അപമാനഭാരവും സ്വയംനിന്ദയും ചെറുതല്ല.
എത്രയോ കുഞ്ഞുങ്ങൾ ഇത്തരം സങ്കടങ്ങൾ ഉള്ളിലൊതുക്കുന്നു. കൂട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽവച്ച് തള്ളിയിറക്കപ്പെടുമ്പോൾ അനുഭവപ്പെടുന്ന അപമാനം താങ്ങാനാവാതെ, ഏതെങ്കിലും കുട്ടി തീവ്രമായ നിരാശയിലേക്കു വീണ് ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചാൽ അതിന് ആര് ഉത്തരം പറയും? കുട്ടികൾ പരാതി പറയുമ്പോൾ ‘‘ഞങ്ങളുടെ കാലത്തും ഇങ്ങനെയൊക്കെയായിരുന്നു, സാരമില്ല, അഡ്ജസ്റ്റ് ചെയ്യ്, അടുത്ത ബസിൽ പോയാൽ മതിയല്ലോ’’ എന്നു പറഞ്ഞു മാതാപിതാക്കൾ അവരുടെ വിഷമങ്ങളെ നിസ്സാരവൽക്കരിക്കരുത്.
കുഞ്ഞുങ്ങളുടെ സങ്കടങ്ങൾ കേൾക്കാനും അവർക്കൊപ്പം ഉറച്ചുനിൽക്കാനും രക്ഷിതാക്കൾക്കു സാധിക്കണം. ബസുകളിൽ ഉണ്ടാകുന്ന മോശം അനുഭവങ്ങൾ അധികൃതരെ അറിയിക്കാനുള്ള ഹെൽപ്ലൈൻ നമ്പറുകൾ സ്കൂളുകളിലും ബസുകളിലും പ്രദർശിപ്പിക്കണം.
ലൈസൻസില്ലാതെ വണ്ടിയോടിക്കുന്നവർക്കും വിദ്യാർഥികളോടു ക്രൂരമായി പെരുമാറുന്നവർക്കുമതിരെ ശക്തമായ നിയമനടപടികളും ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകളും നടപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഇടപെടണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

