കൊച്ചിയിലെ ചരിത്രപ്രധാനമായ കടവുംഭാഗം സിനഗോഗിന് (ജൂതപ്പള്ളി) തീവച്ച സംഭവത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഔദ്യോഗികമായി ഏറ്റെടുത്തു. റിമാൻഡിൽ കഴിയുന്ന പ്രതി എബിൻ ബി.പോളിനെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തിയതിനെ തുടർന്നാണ് ഈ സുപ്രധാന നടപടി.
പ്രതിക്കെതിരെ ഭീകരപ്രവർത്തനം (വകുപ്പ് 16), ഗൂഢാലോചന (വകുപ്പ് 18) തുടങ്ങിയ അതീവ ഗൗരവകരമായ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് എറണാകുളം മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് മുന്നോടിയായി എൻഐഎ, ഐബി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ എബിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു.
തീവയ്പിനും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്കും 16-ാം വകുപ്പും, ഭീകരാക്രമണത്തിനുള്ള ഗൂഢാലോചന കുറ്റത്തിന് 18-ാം വകുപ്പുമാണ് ചുമത്തിയിട്ടുള്ളത്. പ്രഥമദൃഷ്ട്യാ ആരാധനാലയം ആക്രമിച്ചതിന് മാത്രമാണ് കേസെടുത്തിരുന്നതെങ്കിലും, പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ രാജ്യത്തിന് പുറത്തുള്ള തീവ്രവാദ സംഘടനകളുമായി പ്രതിക്ക് ബന്ധമുണ്ടെന്നതിന്റെ നിർണായക തെളിവുകൾ ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഒക്ടോബർ 12ന് പുലർച്ചെയാണ് പുത്തൻകുരിശ് സ്വദേശിയായ എബിൻ ബി.പോൾ സിനഗോഗിന്റെ മുൻവശത്ത് പെട്രോളൊഴിച്ച് തീയിട്ടത്. അന്നേ ദിവസം ഉച്ചയോടെ തന്നെ പുത്തൻകുരിശ് പത്താംമൈലിൽ വെച്ച് പൊലീസ് ഇയാളെ പിടികൂടിയിരുന്നു.
തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ രാസലഹരിയും പിടിച്ചെടുക്കുകയുണ്ടായി. സിനഗോഗിന് പുറമേ, മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിന് നേരെ മാർച്ചിലും, അടച്ചിട്ടിരുന്ന ഒരു വീടിന് നേരെ ജനുവരി, ഫെബ്രുവരി മാസങ്ങളിലും ഇയാൾ പെട്രോൾ ബോംബ് എറിഞ്ഞിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സിനഗോഗ് ആക്രമണത്തിനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ഈ ആക്രമണങ്ങളെല്ലാം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കൂടാതെ, സിനഗോഗ് ആക്രമണത്തിന് പിന്നാലെ എബിന് രണ്ട് ലക്ഷം രൂപ ക്രിപ്റ്റോ കറൻസിയായി ലഭിച്ചതിന്റെ രേഖകളും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
സിനഗോഗ് ആക്രമണം, കാർ ഷോറൂം തീവയ്പ്, വീടുകളിലെ ആക്രമണങ്ങൾ, ലഹരിക്കേസ് എന്നിങ്ങനെ നാല് കേസുകളാണ് നിലവിൽ ഇയാളുടെ പേരിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

