നെയ്യാറ്റിൻകരയ്ക്ക് സമീപം കൊല്ലയിൽ കൊടവിളാകത്ത് റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ചത് ചോദ്യം ചെയ്ത യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പ്രദീപ് (38), കൊല്ലയിൽ നടൂർക്കൊല്ല കളത്തറയ്ക്കൽ തേരിയിൽ പുത്തൻവീട്ടിൽ എന്നയാളെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇദ്ദേഹത്തിന്റെ കൈ, നെഞ്ച്, വയർ, മുതുകു എന്നിവിടങ്ങളിലായി 12 വെട്ടേറ്റിട്ടുണ്ട്. ഇതിൽ പലതും ആഴത്തിലുള്ള മുറിവുകളാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ ഒളിവിലാണെന്നും മാരായമുട്ടം പൊലീസ് അറിയിച്ചു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് അതിക്രമം നടന്നത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്ന പ്രദീപ്, നടുറോഡിൽ നിന്നവരോട് വാഹനം കടന്നുപോകാൻ വഴിമാറാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വഴിമാറാൻ തയ്യാറാകാതിരുന്ന സംഘം അസഭ്യം പറഞ്ഞു.
ഇത് പ്രദീപ് ചോദ്യം ചെയ്തതാണ് പെട്ടെന്നുള്ള പ്രകോപനത്തിനും ആക്രമണത്തിനും കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണ ശബ്ദം കേട്ട് സ്ഥലത്തേക്ക് ഓടിയെത്തിയ ബന്ധുക്കളാണ് പരുക്കേറ്റ പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചത്.
പ്രദീപിനെ ആശുപത്രിയിലേക്ക് മാറ്റിയ ഉടൻ തന്നെ പ്രതികൾ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം കത്തിക്കുകയായിരുന്നു. പ്രദീപിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കാർ.
തീപിടുത്തത്തിൽ വാഹനം പൂർണ്ണമായും കത്തിനശിച്ചു. പ്രതികൾ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന കാര്യം പൊലീസ് ഗൗരവമായി പരിശോധിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

