അമേരിക്കയിൽ എച്ച്-1ബി വിസ കാലാവധി നീട്ടിനൽകുന്നതുമായി ബന്ധപ്പെട്ട ‘ഡെഫറൻസ് നയം’ അവസാനിപ്പിക്കുന്നതിന് ഔദ്യോഗിക നീക്കങ്ങൾ ആരംഭിച്ചു.
ഡൊണാൾഡ് ട്രംപ് ഭരണകൂടമാണ് ഇതുസംബന്ധിച്ച നടപടികളിലേക്ക് കടന്നിരിക്കുന്നത്. നിലവിലുള്ള നിയമപ്രകാരം ജീവനക്കാരുടെ വിസ മുൻകാല അനുമതികളുടെ അടിസ്ഥാനത്തിൽ എളുപ്പത്തിൽ പുതുക്കി നൽകിയിരുന്നു.
എന്നാൽ ഇനി മുതൽ വിസ പുതുക്കുന്ന ഓരോ ഘട്ടത്തിലും അപേക്ഷകൾ കർശനമായ സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ഗ്രീൻ കാർഡിനായി ദീർഘകാലമായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ ഐ.ടി ഉദ്യോഗസ്ഥരെയും മറ്റ് പ്രൊഫഷണലുകളെയും ഈ പുതിയ തീരുമാനം ഗുരുതരമായി ബാധിക്കും.
ഒരേ തൊഴിലുടമയുടെ കീഴിൽ തുടരുന്ന ജീവനക്കാരുടെ വിസ പുതുക്കൽ അപേക്ഷകളിൽ യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഇതുവരെ നൽകിവന്നിരുന്ന ഇളവുകളാണ് ഇല്ലാതാകുന്നത്. ഇനി മുതൽ തൊഴിലിന്റെ സ്വഭാവം, ശമ്പളം, കമ്പനിയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങൾ ഓരോ തവണയും വീണ്ടും ബോധ്യപ്പെടുത്തേണ്ടി വരും.
ഇത് വിസ പുതുക്കൽ നടപടികളെ കൂടുതൽ സങ്കീർണ്ണമാക്കും. അമേരിക്കയിലുള്ള എച്ച്-1ബി വിസക്കാരുടെ ഏകദേശം 70 ശതമാനത്തോളവും ഇന്ത്യക്കാരായതിനാൽ ഈ മാറ്റം പ്രവാസികൾക്കിടയിൽ കനത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള കാലതാമസം കാരണം പതിറ്റാണ്ടുകളായി മൂന്ന് വർഷം കൂടുമ്പോൾ വിസ പുതുക്കി അമേരിക്കയിൽ തുടരുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. വിസ പുതുക്കുന്നതിലുണ്ടാകുന്ന താമസമോ അധിക രേഖകളുടെ ആവശ്യകതയോ കാരണം തൊഴിൽ അനുമതി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന ഭയത്തിലാണ് ജീവനക്കാർ.
കൂടാതെ, എച്ച്-1ബി വിസക്കാരുടെ പങ്കാളികൾക്ക് ലഭിക്കുന്ന തൊഴിൽ അനുമതിയെയും ഈ പരിഷ്ക്കാരങ്ങൾ ബാധിച്ചേക്കാം. സാങ്കേതികമായി ഗ്രീൻ കാർഡ് അപേക്ഷകളെ നേരിട്ട് ബാധിക്കില്ലെങ്കിലും, നടപടിക്രമങ്ങളിലുണ്ടാകുന്ന അനിശ്ചിതത്വവും സാമ്പത്തിക ചെലവുകളും കോർപ്പറേറ്റ് കമ്പനികൾക്കും ജീവനക്കാർക്കും ഒരുപോലെ തിരിച്ചടിയാകും.
വ്യാജ അപേക്ഷകളും അനധികൃത വിസ അനുമതികളും തടയുന്നതിന്റെ ഭാഗമായാണ് ഈ മാറ്റമെന്നാണ് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് വിശദീകരിക്കുന്നത്. എന്നിരുന്നാലും, ഈ നീക്കം നിലവിൽ ഒരു നിർദ്ദേശം മാത്രമാണെന്നും 2026 നവംബർ 13 വരെ പൊതുജനങ്ങൾക്കും വിദഗ്ധർക്കും ഇതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ അറിയിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അന്തിമ ഉത്തരവ് പുറത്തിറങ്ങുന്നത് വരെ നിലവിലുള്ള വിസ നിയമങ്ങൾ തന്നെയായിരിക്കും തുടരുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

