ശബരിമലയിലെ കുത്തക ലേലവുമായി ബന്ധപ്പെട്ട ടെൻഡർ വിവരങ്ങൾ ചോർന്ന സംഭവത്തിൽ റെജിമോൻ എന്ന ഹെഡ് ക്ലാർക്കിനെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു.
പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നാണ് അതീവ രഹസ്യമായ വിവരങ്ങൾ പുറത്തുപോയത് എന്ന് അധികൃതർ വ്യക്തമാക്കി. നടപടിക്രമങ്ങളിൽ തികഞ്ഞ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇ-ലേലം നടപ്പാക്കാൻ ബോർഡ് തീരുമാനിച്ചിരുന്നത്.
എന്നാൽ ഈ നടപടികൾ അട്ടിമറിക്കപ്പെടുകയായിരുന്നു. ടെൻഡർ വിവരങ്ങൾ ചോർന്ന സംഭവത്തിന് പിന്നിൽ കൂടുതൽ വ്യക്തികൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും, കുറ്റക്കാരായി കണ്ടെത്തുന്ന പക്ഷം കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്നും കെ ജയകുമാർ കൂട്ടിച്ചേർത്തു.
ഇതോടൊപ്പം, ശബരിമലയിലെ ലോഹ ആക്രി അവശിഷ്ടങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറാൻ തീരുമാനിച്ചതായും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. വരുന്ന തീർത്ഥാടന കാലത്ത് സന്നിധാനത്തും പരിസരത്തുമായി 110 കടകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലേലത്തിനായുള്ള ടെൻഡറിൽ പങ്കെടുത്തവരുടെ വിവരങ്ങളാണ് ഇത്തരത്തിൽ ചോർന്നത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേവസ്വം വിജിലൻസ് വിഭാഗത്തിന്റെ സമഗ്ര അന്വേഷണത്തിന് ഇതിനോടകം ഉത്തരവിട്ടിട്ടുണ്ട്. വിവരം ചോർന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് പ്രസ്തുത ടെൻഡറും പിന്നാലെ നടത്താൻ നിശ്ചയിച്ചിരുന്ന ഇ-ലേലവും പൂർണ്ണമായി റദ്ദാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

