ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ അപ്രതീക്ഷിത ആക്രമണത്തെ അതിജീവിച്ച് വിമാനവും യാത്രക്കാരും സുരക്ഷിതരായി. ബുധനാഴ്ച ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട
FZ 1073 നമ്പർ ഫ്ലൈ ദുബായ് വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്തിനുള്ളിൽ സഹപൈലറ്റിന്റെ കുത്തേറ്റെങ്കിലും സമയോചിതമായി ഇടപെട്ട് വൻ ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ ഇന്ത്യക്കാരനാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ക്യാപ്റ്റൻ സ്മിത് മച്ചാർ ആണ് അക്രമിയെ সাহസികമായി പ്രതിരോധിച്ചത്. വിമാനം ദുബായിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയായിരുന്നു കോക്ക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണമുണ്ടായത്.
പരിക്കേറ്റിട്ടും വിമാനത്തിന്റെ നിയന്ത്രണം കൈവിടാതെ സ്മിത് മച്ചാർ പ്രതിരോധം തീർത്തു. തുടർന്ന് യാത്രക്കാർ കോക്ക്പിറ്റിലേക്ക് എത്തി ക്യാപ്റ്റനെ രക്ഷിക്കുകയും അക്രമിയെ കീഴ്പ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ഈ സമയത്ത് അവധിയിലുണ്ടായിരുന്ന ചില പൈലറ്റുമാരും യാത്രാ സംഘത്തിലുണ്ടായിരുന്നു. ഇവർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിലെ തബൂക്കിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയും ചെയ്തു.
180 യാത്രക്കാർ ആണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗം പേരും ഇസ്രയേൽ പൗരന്മാരായിരുന്നു.
കോക്ക്പിറ്റിലെ അസ്വസ്ഥതകൾക്കിടയിൽ വിമാനം വെറും രണ്ടു മിനിറ്റിനുള്ളിൽ 17400 അടി ഉയരത്തിലേക്ക് താഴുകയും വിമാനത്തിൽനിന്ന് അന്താരാഷ്ട്ര എമർജൻസി കോഡിലുള്ള അപായസന്ദേശം പുറത്താവുകയും ചെയ്തു. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്ന് കരുതി ഇസ്രയേൽ സൈന്യം യുദ്ധവിമാനങ്ങളെയും അയക്കുകയുണ്ടായി.
സംഭവത്തെക്കുറിച്ച് ഫ്ലൈ ദുബായ് അധികൃതർ ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും വിമാനം സൗദിയിലേക്ക് തിരിച്ചുവിട്ടതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും കമ്പനി അറിയിച്ചു. എന്നാൽ, ഇത് ഒരു ഭീകരാക്രമണമാണെന്നാണ് ഇസ്രയേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പ്രതികരിച്ചത്.
വിമാനം തകർത്ത് ഇസ്രയേലി പൗരന്മാരെ ഇല്ലായ്മ ചെയ്യാനാണ് ഭീകരൻ ലക്ഷ്യമിട്ടതെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.
കഴിഞ്ഞ നാല് വർഷമായി ഫ്ലൈ ദുബായ് വിമാനക്കമ്പനിയിൽ സേവനം അനുഷ്ഠിച്ചുവരികയാണ് സ്മിത് മച്ചാർ. ഫ്ലൈ ദുബായിൽ ചേരുന്നതിന് മുൻപ് സ്പൈസ് ജെറ്റിൽ പത്തുവർഷത്തോളം അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
ഏകദേശം 9750 മണിക്കൂർ വിമാനം പറത്തിയുള്ള പരിചയസമ്പത്തുള്ള അദ്ദേഹം 13 വർഷത്തോളം ബോയിങ് 737 വിമാനങ്ങളും നിയന്ത്രിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

