ബൈപ്പാസ് മേഖലയിൽ നിന്ന് മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായ സംഭവത്തിലെ മുഖ്യസൂത്രധാരൻ പൊലീസിന്റെ പിടിയിലായി. ആനയറ സ്വദേശിയായ വിജയകുമാർ (41) ആണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സംഘത്തിന്റെ പിടിയിലായത്.
കേസിലെ ഒന്നാം പ്രതിയായ മുജീബ് റഹ്മാന്റെ അറസ്റ്റ് വേളയിൽ പിടിച്ചെടുത്ത മൊബൈൽ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായക വഴിത്തിരിവായത്. ബെംഗളൂരുവിൽ നിന്നും ട്രെയിൻ മാർഗം നാഗർകോവിലിൽ എത്തിച്ച 49 ഗ്രാം എംഡിഎംഎ, കൂട്ടാളിയായ സഹദിനൊപ്പം സ്കൂട്ടറിൽ കടത്തുന്നതിനിടെ രണ്ടാഴ്ച മുമ്പ് പയറുംമൂട് വെച്ച് ഡാൻസാഫ് സംഘം പിടികൂടിയിരുന്നു.
ലഹരിമരുന്ന് വാങ്ങുന്നതിനായി വിജയകുമാർ ബുക്ക് ചെയ്തു നൽകിയ ബസ് ടിക്കറ്റ് ഉപയോഗിച്ചാണ് മുജീബ് റഹ്മാൻ ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. യാത്ര പുറപ്പെടുന്ന അന്ന് വൈകുന്നേരം ആനയറ ഭാഗത്തുെവച്ച് വിജയകുമാർ തന്റെ മൊബൈൽ ഫോൺ മുജീബ് റഹ്മാന് കൈമാറിയിരുന്നു.
കഴിഞ്ഞ മാസം പന്ത്രണ്ടിന് ബെംഗളൂരുവിലെത്തിയ മുജീബ് റഹ്മാന്റെ അക്കൗണ്ടിലേക്ക് 23,000 രൂപയോളം വിജയകുമാർ അയച്ചു നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രിയോടെ ആനയറ ഭാഗത്തുനിന്നാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന കാര്യം വിഴിഞ്ഞം പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

