ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ മറവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കോടികളുടെ ധൂർത്തും ആസൂത്രിത അഴിമതിയുമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് കെപിസിസി അംഗം ജെ.എസ്. അഖിൽ വ്യക്തമാക്കി.
തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് സംഘടിപ്പിച്ച സ്ഥാപന സംരക്ഷണ കൂട്ടായ്മയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഭക്തർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഉറപ്പുകൾ പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് ബോർഡിന്റെ പ്രവർത്തനങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പുതിയ പരിഷ്കാരങ്ങളുടെ പേരിൽ ദേവസ്വം ഫണ്ട് ധൂർത്തടിക്കുന്ന രീതിയാണ് ബോർഡ് സ്വീകരിച്ചിരിക്കുന്നത്. ലേല നടപടികൾ ബോധപൂർവം വൈകിപ്പിച്ച്, ശർക്കരയ്ക്ക് വിപണിയിൽ വില ഉയരുന്ന മാസങ്ങളിൽ ലേലം നടത്തിയത് വൻകിട
കുത്തകക്കാരെ സഹായിക്കാനാണെന്ന് വ്യക്തമാണ്. ലേല വിവരങ്ങൾ മുൻകൂട്ടി ചോർന്നതിന് പിന്നിൽ ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ട്.
ലേല പരസ്യത്തിനായി മാത്രം ജനറൽ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച ബോർഡ്, പ്രസിഡന്റിന്റെ താല്പര്യപ്രകാരമുള്ള സ്പോൺസർമാരെയാണ് വഴിവിട്ട് സഹായിക്കുന്നത്. ഈ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിസന്ധികൾ ചോദ്യം ചെയ്ത എംപ്ലോയീസ് ഫ്രണ്ട് പ്രസിഡന്റിനെ പ്രതികാരബുദ്ധിയോടെ അഞ്ച് തവണയാണ് സ്ഥലംമാറ്റിയത്. ഒരു ബോർഡ് അംഗത്തിന്റെ ബന്ധുവിന് താല്പര്യമുള്ള സ്ഥലത്ത് നിയമനം നൽകുന്നതിനായി ജൂണിൽ നടക്കേണ്ട
ജനറൽ ട്രാൻസ്ഫർ നാല് മാസത്തോളമാണ് വൈകിച്ചത്. സ്ഥലംമാറ്റങ്ങളുടെ പേരിൽ ലക്ഷങ്ങളുടെ പണപ്പിരിവ് നടക്കുന്നുണ്ടെന്നും, ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ബോർഡ് അംഗത്തിന്റെ ഫോൺ റെക്കോർഡുകൾ ഉടൻ പുറത്തുവിടുമെന്നും ജെ.എസ്.
അഖിൽ മുന്നറിയിപ്പ് നൽകി. മറ്റൊരു സിപിഐ ബോർഡ് അംഗം പരസ്യമായി പാർട്ടി പരിപാടികളിൽ പങ്കെടുത്ത് എച്ച്ആർഐ (HRI) ആക്ട് ലംഘിക്കുകയാണെന്നും സത്യപ്രതിജ്ഞാലംഘനം നടത്തിയ ഇദ്ദേഹത്തിന് ബോർഡ് അംഗമായി തുടരാൻ യോഗ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കോടതി ഉത്തരവുണ്ടായിട്ടും ദേവസ്വത്തിലെ മരം മുറിച്ചു കടത്തിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഒരു ബോർഡ് മെമ്പറുടെ രാഷ്ട്രീയ സ്വാധീനത്തിലാണ് സംരക്ഷിക്കുന്നത്. ശബരിമലയിൽ 66 ദിവസം തുടർച്ചയായി കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാർക്ക് അങ്ങേയറ്റം മോശം ഭക്ഷണമാണ് നൽകുന്നത്.
ജീവനക്കാരുടെ മെസ്സ് മാളികപ്പുറത്തിനടുത്തേക്ക് മാറ്റിയതിനാൽ ഡ്യൂട്ടി കഴിഞ്ഞ് എത്തുമ്പോഴേക്കും ഭക്ഷണം തീരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആയതിനാൽ ജീവനക്കാർക്കായി പഴയ മെസ്സ് പുനഃസ്ഥാപിക്കുകയും പ്രത്യേക ഇരിപ്പിട
സൗകര്യം ഒരുക്കുകയും വേണം. ഭണ്ഡാരത്തിൽ ജീവനക്കാരെ മാത്രം വിവസ്ത്രരാക്കി പരിശോധിക്കുന്ന അപമാനകരമായ രീതി അവസാനിപ്പിച്ച് ആധുനിക സ്കാനറുകൾ സ്ഥാപിക്കണമെന്നും, ഓഫീസർമാർക്ക് നൽകിയതുപോലെ ജീവനക്കാർക്കും 20 ദിവസം വീതമുള്ള ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തണമെന്നും ആവശ്യമുയർന്നു.
ദേവസ്വം ബോർഡിൽ നിന്ന് വിരമിച്ചിട്ടും എക്സിക്യൂട്ടീവ് ഓഫീസിൽ ഇരുന്ന് ഡ്യൂട്ടി പോയിന്റുകൾ നിശ്ചയിക്കുന്നത് സിപിഎം യൂണിയൻ നേതാക്കളാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം ഇളമ്പള്ളൂർ പഞ്ചായത്തിൽ മത്സരിച്ച സ്ഥാനാർത്ഥി പോലും ഇപ്പോഴും ശബരിമലയിലെ പ്രധാന തസ്തികകളിൽ തുടരുകയാണ്.
ഇത്തരക്കാരെയും നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉള്ളൂർ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറെയും ബോർഡ് സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ ഗുരുതരമായ അഴിമതികളെല്ലാം സംസ്ഥാന വിജിലൻസ് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജെ.എസ്.
അഖിൽ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

