തിരുവനന്തപുരം: വിവാദങ്ങളെ തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം.ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ സീമാറ്റിലെ റിസർച് ഓഫിസർ ജോലി രാജിവച്ചു. വെള്ളിയാഴ്ച രാജിക്കത്ത് സ്ഥാപന മേധാവിക്കു കൈമാറി.
വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനൽ മാനേജ്മെന്റ് ആൻഡ് അഡ്മിനിസ്ട്രേഷനിലെ (സീമാറ്റ്) കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണ് ഉപേക്ഷിച്ചത്. ജോലിക്ക് അപേക്ഷിക്കുകയോ അഭിമുഖം നടത്തുകയോ ചെയ്യാതെ ബയോഡേറ്റ മാത്രം വാങ്ങി ഷാനിക്ക് ജോലി നൽകിയെന്ന ആക്ഷേപം ശക്തമായിരുന്നു.
ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനമായതിനാലാണ് വിജ്ഞാപനം ഇറക്കാതിരുന്നതെന്ന് സീമാറ്റ് ഡയറക്ടർ ആർ.അരുൺ കുമാർ വിശദീകരിച്ചു. മറ്റ് ബയോഡേറ്റകൾ ലഭിച്ചിരുന്നില്ലെന്നും എംഎ ഇംഗ്ലീഷും എംഫിലും യോഗ്യതയുള്ള ഷാനി മുൻപ് വിവിധ സ്ഥാപനങ്ങളിൽ അധ്യാപകയായി ജോലി ചെയ്തിട്ടുണ്ടെന്നും ആ യോഗ്യത കൂടി പരിഗണിച്ചാണ് നിയമനം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ സർക്കാരിന്റെ കാലത്തും അപേക്ഷയോ അഭിമുഖമോ ഇല്ലാതെ നിയമനം നേടിയവർ സീമാറ്റിലുണ്ടെന്നും ഇതിൽ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭാര്യയും ജില്ലാ കമ്മിറ്റി അംഗത്തിന്റെ ബന്ധുവും ഉൾപ്പെടുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തിന്റെയും പ്രവർത്തകരുടെയും തലകുനിക്കേണ്ട
സാഹചര്യം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ബി.ആർ.എം.ഷഫീർ പ്രതികരിച്ചു. ഏതെങ്കിലും മന്ത്രിയുടെ സ്റ്റാഫിൽ ഭാര്യയ്ക്കു ജോലി വാങ്ങിനൽകാൻ പാർട്ടിയും നേതാക്കളും സഹായിക്കുമായിരുന്നുവെന്നും എന്നാൽ പാർട്ടിക്ക് വേണ്ടി ജീവൻ നൽകി പോരാടാൻ തയാറായവർക്കാണ് ആ അവസരം ലഭിക്കേണ്ടതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ജനറൽ സെക്രട്ടറിയും നിയമസഭയിലേക്ക് മത്സരിച്ച ആളുമായ തന്റെ ഭാര്യക്ക് കരാർ അടിസ്ഥാനത്തിൽ ദിവസം 1200 രൂപയ്ക്ക് ജോലി ചെയ്യേണ്ടി വന്നതിന്റെ ബുദ്ധിമുട്ട് കോൺഗ്രസ് പ്രവർത്തകർക്ക് മനസ്സിലാകും. മുൻപ് ഒപ്പം ജോലി ചെയ്തിരുന്നവർ പറഞ്ഞാണ് സീമാറ്റിൽ ഒഴിവുണ്ടെന്ന് ഷാനി അറിയുന്നത്.
കേരള സർവകലാശാല ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിട്ടുള്ളത് പരിഗണിച്ചാണ് നിയമനം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

