ലോക ഫുട്ബോൾ നിയന്ത്രണ സംഘടനയായ ഫിഫയ്ക്കെതിരെ രൂക്ഷ വിമർശനവുമായി യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ രംഗത്ത്. ഫിഫയുടെ പുതിയ ഓഹരി വിൽപന നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് യുവേഫ അറിയിച്ചിരിക്കുന്നത്.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ മുന്നോട്ടുവെച്ച ‘ലോകകപ്പ് സ്വകാര്യവത്കരണം’ എന്ന പദ്ധതിക്കെതിരെയാണ് യുവേഫയുടെ നേതൃത്വത്തിൽ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. ലോകകപ്പ് അടക്കമുള്ള പ്രധാന ഫിഫ ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യൺ ഡോളർ മൂല്യമുള്ള ഒരു പുതിയ കമ്പനി രൂപീകരിക്കാനാണ് ഫിഫ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി കമ്പനിയുടെ 20 ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനാണ് തീരുമാനം. പ്രമുഖ വ്യവസായി ജോഷുവ കുഷ്നറുടെ ന്യൂയോർക്ക് ആസ്ഥാനമായുള്ള കമ്പനിയാണ് ഈ പദ്ധതിയിലെ പ്രധാന നിക്ഷേപകർ.
എന്നാൽ, ഈ പദ്ധതി പൂർണ്ണമായും ഉപേക്ഷിച്ചില്ലെങ്കിൽ വരാനിരിക്കുന്ന ഒരു ഫിഫ മത്സരത്തിലും യൂറോപ്യൻ ടീമുകൾ പങ്കെടുക്കില്ലെന്ന് യുവേഫ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി. ഈ പദ്ധതി അംഗീകരിക്കുന്ന പക്ഷം ഫിഫയിലെ മുഴുവൻ അംഗരാജ്യങ്ങൾക്കും 20 മില്യൺ ഡോളർ വീതം നൽകുമെന്ന ഓഫറാണ് ഫിഫ മുന്നോട്ടുവെച്ചിട്ടുള്ളത്.
വരും സെപ്റ്റംബർ മധ്യത്തോടെ അംഗരാജ്യങ്ങൾ ഈ നിർദ്ദേശം അംഗീകരിക്കണമെന്നാണ് ഫിഫയുടെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് ലോകകപ്പിന്റെ അവകാശങ്ങൾ സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വിൽക്കാനുള്ള നീക്കത്തിനെതിരെ 55 അംഗ രാജ്യങ്ങൾ ഉൾപ്പെടുന്ന യുവേഫ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

