ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടക്കില്ലെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ മധ്യസ്ഥ രാജ്യങ്ങളായ ഖത്തർ, പാകിസ്ഥാൻ എന്നിവയുടെ പ്രതിനിധികളുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തുമെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായി അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജെറാദ് കഷ്നറും ദോഹയിൽ തുടരും. ഇരുവരും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുമായും മറ്റ് മധ്യസ്ഥരുമായും ചർച്ചകൾ നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഖത്തർ വിദേശകാര്യ മന്ത്രാലയവും ഈ വിഷയത്തിൽ സമാന നിലപാട് ആവർത്തിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്ക് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇറാൻ-ലബനൻ കരാറുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് അമേരിക്കൻ സംഘം എത്തിയതെന്നും, മറിച്ച് നേരിട്ടുള്ള ചർച്ചകൾക്കല്ലെന്നും ഖത്തർ വ്യക്തമാക്കി. നിലവിൽ ഇറാൻ പ്രതിനിധികളും വിവിധ ചർച്ചകൾക്കായി ദോഹയിലുണ്ട്.
ഇരുരാജ്യങ്ങളുടെയും ഉന്നതതല സംഘങ്ങൾ തമ്മിൽ ചർച്ചകൾ നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും മധ്യസ്ഥശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിലെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുക എന്നത് പ്രധാന ചർച്ചാവിഷയമാണെന്നും, എല്ലാവർക്കും തടസ്സങ്ങളില്ലാതെ ഈ പാത ഉപയോഗിക്കാൻ സാധിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്കിൽ മൈനുകൾ നീക്കം ചെയ്യാനുള്ള ഫ്രാൻസിന്റെയും ഒമാന്റെയും നീക്കത്തെ ഇറാൻ തള്ളിക്കളഞ്ഞു. നിലവിലെ സങ്കീർണ്ണമായ സാഹചര്യത്തിൽ പ്രകോപനപരമായ ഇടപെടലുകൾ ഒഴിവാക്കണമെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി മുന്നറിയിപ്പ് നൽകി.
മൈനുകൾ നീക്കം ചെയ്യാൻ ഇറാൻ സജ്ജമാണെന്നും, ഇതിനായി മറ്റൊരു രാജ്യത്തിന്റെയും സഹായം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

